ശങ്കരമംഗലത്ത് സ്റ്റുഡിയോയിൽ മോഷണം
1458606
Thursday, October 3, 2024 4:24 AM IST
കൊല്ലം: ചവറ ശങ്കരമംഗലത്ത് ചലഞ്ചർ സ്റ്റുഡിയോയിൽ മോഷണം. 10 ലക്ഷം രൂപയിൽ അധികം വിലവരുന്ന കാമറയും മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയുമാണ് അപഹരിച്ചത്.
പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് മോഷണം നടന്നിട്ടുള്ളത്. സ്റ്റുഡിയോയുടെ പൂട്ട് അറുത്ത് മാറ്റിയശേഷമാണ് മുഖം മറച്ച് എത്തിയ മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. തുടർന്ന് ഉള്ളിലെ വൈദ്യുതി ബന്ധം വിഛേദിച്ചു.
ഇന്റർനെറ്റ് കണക്ഷനും ഇൻവർട്ടറും തകരാറിലാക്കി. ഇതോടെ സിസി ടിവിയുടെ പ്രവർത്തനവും നിലച്ചു. അതിനുശേഷമാണ് കാമറയും പണവുമായി മോഷ്ടാവ് കടന്നുകളഞ്ഞത്.
സ്റ്റുഡിയോ ഉടമ വിപിനിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പോലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മോഷ്ടാവിനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇത് ചവറ പോലീസ് അന്വേഷണ ഭാഗമായി പുറത്തുവിട്ടു. പോലീസ് നായ മണം പിടിച്ച് സമീപത്തെ ഏതാനും കടകളുടെ പരിസരംവരെ പോയശേഷം നിന്നു. മോഷണം നടത്തിയ വ്യക്തി വാഹനത്തിൽ രക്ഷപ്പെട്ടതായാണ് പോലീസിന്റെ നിഗമനം. ഇയാളെ സഹായിക്കാൻ മറ്റൊരാൾ സമീപത്ത് വാഹനത്തിൽ കാത്ത് നിന്നതായി സംശയമുണ്ട്.