ഓൺലൈൻ ജോലി വാഗ്ദാനം; പണം തട്ടിയ യുവാവ് പിടിയിൽ
1453737
Tuesday, September 17, 2024 1:03 AM IST
ചാത്തന്നൂർ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ബാംഗളൂർ സ്വദേശിയായ ശരത്തി (30) നെയാണ് ആലപ്പുഴയിലെ തുമ്പോളിയിൽ നിന്നു പിടികൂടിയത്.പോലീസ് പറയുന്നത്: പ്രതിയായ ശരത്ത് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരവൂർ സ്വദേശിനി റസീന എന്ന സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് ലക്ഷങ്ങൾ വേതനം ലഭിക്കുന്ന വൻ തൊഴിൽ സാധ്യതകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണെന്നും അതു തരപ്പെടുത്താൻ സഹായിക്കാമെന്നും അറിയിച്ചു. ഇവരെ പ്രലോഭിപ്പിക്കാനായി ചെറിയ തരത്തിലുള്ള ഓൺലൈൻ ജോലികൾ ചെയ്യിക്കുകയും ചെറിയ തുകകൾ പലപ്പോഴായി വേതനം നല്കുകയും ചെയ്തു.
ഒരു വൻ തൊഴിൽ സാധ്യത ഒത്തുവന്നതിലേക്കായി കുറച്ച് പണം മുൻകൂറായി കെട്ടിവയ്ക്കണമെന്ന് പറഞ്ഞ് പലപ്പോഴായി 10,90,000 രൂപ തട്ടിയെടുത്തു. പിന്നീട് ഇയാൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷനായി. ഇതോടേ ഇവർ പരവൂർ പോലീസിൽ പരാതി നല്കുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ സമാന രീതിയിലെ തട്ടിപ്പ് ആലപ്പുഴ ജില്ലയിലും നടന്നതായി കണ്ടെത്തി. ആന്ധ്രാ സ്വദേശിയും ബാഗളൂരിൽ സ്ഥിര താമസക്കാരനുമായ ശ്രീധർ എന്നയാളെ ആലപ്പുഴ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ശ്രീധറിനെ ചോദ്യം ചെയ്തപ്പോൾ ശരത്ത് കൂടി ഉൾപ്പെട്ടതായി കണ്ടെത്തി. കേസിൽ ഇയാളെ രണ്ടാം പ്രതിയാക്കി. ഇതറിഞ്ഞ ശരത്ത് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയെങ്കിലും പരവൂരിൽ കേസ് കാര്യംഇയാൾ അറിഞ്ഞില്ല. പരവൂരിലെ കേസിൽ ശരത്ത് ഒന്നാം പ്രതിയായ ശരത് മുൻകൂർ ജാമ്യം നേടിയതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്തി.
ഈസമയം പരവൂർ പോലീസ് ആലപ്പുഴയിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈദ്യ പരിശോധനകൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ നെൽസൺ, അനൂപ് കൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.