ഓണം വിഭവങ്ങളുമായി അലയമണ്ണില്‍ കുടുംബശ്രീയുടെ ഓണം വിപണന മേള
1453294
Saturday, September 14, 2024 5:47 AM IST
അഞ്ചല്‍: ഓണം ആഘോഷമാക്കാന്‍ അലയമണ്‍ പഞ്ചായത്തില്‍ കുടുംബശ്രീയുടെ പ്രത്യേക വിപണന മേള ആരംഭിച്ചു. കരുകോണ്‍ മാര്‍ക്കറ്റിന് സമീപം ആരംഭിച്ച ഓണം ചന്തയില്‍ നാടന്‍ പച്ചക്കറി ഉത്പന്നങ്ങള്‍, ഉപ്പേരി, ശര്‍ക്കരവരട്ടി, അച്ചാറുകൾ, തുണിത്തരങ്ങള്‍ തുടങ്ങിയവ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ വിപണനം നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ ഓണം ചന്ത ഉദ്ഘാടനം ചെയ്തു. ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞതായും വിഷരഹിത പച്ചക്കറി, വീടുകളില്‍ തയാറാക്കുന്ന അച്ചാര്‍ ഉള്‍പ്പടെയുള്ള നാടന്‍ വിഭവങ്ങള്‍ അടക്കം വാങ്ങാന്‍ കഴിയുമെന്നും എം. ജയശ്രീ പറഞ്ഞു.
വൈസ് പ്രസിഡന്റ് ജി. പ്രമോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ എം. മുരളി, പഞ്ചായത്ത് അംഗം അസീന മനാഫ്, സിഡിഎസ് ചെയര്പേഴ്സന് സുജ, വൈസ് ചെയര്പേഴ്സന് ഫൗസി എന്നിവര്‍ സന്നിഹിതരായിരുന്നു.