സെൻസസ് ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റി : കുണ്ടറ, പേരയം പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിൽ പിഴവ്
1452752
Thursday, September 12, 2024 6:12 AM IST
കുണ്ടറ: വാർഡ് വിഭജന ഗസറ്റ് വിജ്ഞാപനത്തിൽ പേരയം പഞ്ചായത്തിൽ അധികമായി രണ്ട് പട്ടികജാതി സംവരണ വാർഡുകൾ രൂപീകരിക്കാനാണ് നിർദേശിക്കുന്നത്.
അതേസമയം പട്ടികജാതിക്കാർ കൂടുതലുള്ള കുണ്ടറ പഞ്ചായത്തിൽ മൂന്ന് പട്ടികജാതി വാർഡുകൾ നഷ്ടപ്പെടുകയാണ്. 2011 ലെ ജനസംഖ്യാ രജിസ്റ്റർ പ്രകാരം തെറ്റായി വാർഡ് വിഭജനം നടത്തിയതിന്റെ ഫലമാണിത്.
2011 ലെ സെൻസസ് രേഖകൾ തയാറാക്കിയപ്പോൾ ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവ് മൂലമാണ് പേരയം പഞ്ചായത്തിലെ പട്ടികജാതി വിഭാഗം ജനങ്ങളുടെ കണക്ക് തൊട്ടടുത്ത കുണ്ടറ പഞ്ചായത്തിന്റെ ഡേറ്റയിൽ തെറ്റായി രേഖപ്പെടുത്തിയത്. അതേസമയം കുണ്ടറ പഞ്ചായത്തിലെ പട്ടികജാതി വിഭാഗം ജനങ്ങളുടെ കണക്ക് പേരയം പഞ്ചായത്തിന്റെ ഡേറ്റയിൽ തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു.
പ്രശ്നം പരിഹാരത്തിനായി നാളെ വീണ്ടും അധികാരികൾക്ക് കത്തു നൽകും. പട്ടികജാതിക്കാർക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കുകയും ജനപ്രതിനിധിയാകാൻ ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര അറിയിച്ചു.
ഇരു പഞ്ചായത്തുകളിലും സെൻസസ് കണക്കുകൾ തെറ്റായി രേഖപ്പെടുത്തിയതിനാൽ ബുദ്ധിമുട്ടുകൾ നേരിട്ടുവരികയാണ്. ഫീസിബിലിറ്റി ഇല്ലാത്ത പേരയം പഞ്ചായത്തിൽ എസ് സി ഫണ്ട് ചെലവഴിക്കാൻ പറ്റാതെ വന്നു. മാത്രമല്ല ജനറൽ വിഭാഗം ഫണ്ട് തീരെ കുറയുകയും ചെയ്തു.
ഫീസിബിലിറ്റി ലഭ്യമായ കുണ്ടറ പഞ്ചായത്തിൽ അർഹരായ പട്ടികജാതി കുടുംബങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല. പ്രശ്നം പരിഹാരത്തിനായി 2022 മുതൽ വകുപ്പ് മന്ത്രിമാർക്കും അഡീഷണൽ ചീഫ് സെക്രട്ടറി, സെൻസസ് ഡയറക്ടർ എന്നിവർക്കും പല തവണ കത്ത് നൽകിയെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ല.