പിണറായി ഇടതുപക്ഷത്തിന് അപമാനം: കെ. സുധാകരൻ
1452750
Thursday, September 12, 2024 6:12 AM IST
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ ജീവിക്കുന്നത് ബിജെപിയുടെ ആശ്രയം കൊണ്ടാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
ബിജെപിയുടെ ആശ്രയം ഇല്ലായിരുന്നെങ്കിൽ എന്നേ ജയിലില്‍ പോകേണ്ടതായിരുന്നു. പിണറായി വിജയന് കമ്യൂണിസ്റ്റ് എന്ന് പറയുന്നത് ഇടതുപക്ഷത്തിന് അപമാനമാണെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന് കീഴ്പ്പെട്ട് അവരുടെ അടിമയായി ജീവിക്കുന്ന നേതാവാണ് പിണറായി വിജയന്. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും ആര്‍എസ്എസ് ബന്ധം തെളിഞ്ഞതിന്റെ വിഭ്രാന്തിയിൽ മറ്റുള്ളവരുടെ മേല്‍ കുതിരകയറാന്‍ ഇറങ്ങിയിരിക്കുകയാണ്.
പ്രകടമായ ആര്‍എസ്എസ് ബന്ധത്തിലൂടെ സിപിഎം ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു. എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നും കൂടിക്കാഴ്ചയുടെ അജണ്ടയെന്തായിരുന്നുവെന്നും ആരുപറഞ്ഞിട്ടാണ് ഈ കൂടിക്കാഴ്ച നടത്തിയതെന്നും കെ. സുധാകരൻ ചോദിച്ചു.
വലിയ ഗീര്‍വാണം മുഴക്കിയിട്ട് മറുപടി പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി. ബിജെപിയും സിപിഎമ്മും പരസ്പരം സഹായ സംഘങ്ങളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയെ ജയിലില്‍ പോകാതെ ബിജെപി സംരക്ഷിക്കുന്നു.
പകരമായി ബിജെപി അധ്യക്ഷനെതിരായ കേസുകള്‍ ഒതുക്കിതീര്‍ത്ത് പിണറായി വിജയൻ സംരക്ഷിക്കുന്നു. സിപിഎമ്മും മുഖ്യമന്ത്രിയും ആര്‍എസ്എസുകാര്‍ക്ക് വിധേയരായും സഹായത്തിലുമാണ് കഴിയുന്നത്.
പിണറായി വിജയനെ സിപിഎമ്മിനും പാർട്ടി നേതാക്കള്‍ക്കും പാര്‍ട്ടി കമ്മിറ്റികള്‍ക്കും മടുത്തു. അണികള്‍ കൈവിട്ട വിഭ്രാന്തിയില്‍ പിണറായി വിജയന് വായിൽ തോന്നുന്നത് വിളിച്ച് പറയുകയാണ്. മുഖ്യമന്ത്രിയുടെ കൊള്ളരുതായ്മക്കെതിരേ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്.
ബിജെപിയുടെ മുന്പില് അടിയറവ് പറഞ്ഞ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായിയാണ്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന് കോണ്‍ഗ്രസിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും സുധാകരന് പറഞ്ഞു.