അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിന് സാധ്യമായതെല്ലാം ചെയ്യും: മന്ത്രി ഒ.ആര്. കേളു
1452479
Wednesday, September 11, 2024 5:51 AM IST
നവീകരിച്ച ജില്ലാ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊല്ലം: അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് സാധ്യമായതെല്ലാം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കി വരുകയാണെന്ന് മന്ത്രി ഒ .ആര് .കേളു പറഞ്ഞു. നവീകരിച്ച ജില്ലാ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് ഓഫീസിന്റെ ഉദ്ഘാടനവും വായ്പ കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും കര്‍ബല പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്പറേഷന് കാര്യാലയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പരമാവധി ആളുകളിലേക്ക് സഹായ സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ പ്രധാന ഉപകരണങ്ങളാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍. തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. കൊല്ലം കുന്നത്തൂരിലും, വയനാട്ടിലും കോര്‍പറേഷന്റെ പുതിയ ശാഖകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക സാംസ്കാരിക രംഗത്ത് ഇത്തരം സ്ഥാപനങ്ങളുടെ പ്രസക്തി വലുതാണ്. ഇവയെ ശക്തിപ്പെടുത്തുന്നതിന് ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എം .നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മികച്ച സംരംഭകരെ അനുമോദിക്കുന്നതിനോടൊപ്പം ആദ്യ വായ്പ വിതരണവും മന്ത്രി നിര്‍വഹിച്ചു. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി .കെ. ഗോപന്, പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് ചെയര്മാന് യു .ആര് .പ്രദീപ്, എംഡി വി .പി .സുബ്രഹ്മണ്യന്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.