കേരളത്തിൽ സമാധാന ജീവിതത്തിന് മികച്ച അന്തരീക്ഷം: മന്ത്രി: കെ.എന്‍. ബാലഗോപാല്‍
1451897
Monday, September 9, 2024 6:40 AM IST
കൊല്ലം: സമാധാന ജീവിതത്തിന് നല്ല അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. എഴുകോണ്‍ നീതി സ്റ്റോര്‍ അങ്കണത്തില്‍ സഹകരണ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വ്യത്യസ്തമായ മത, രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകള്‍ ഉള്ളപ്പോഴും എല്ലാവര്ക്കും സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പറയാനും സമാധാനമായി ജീവിക്കാനുള്ള അന്തരീക്ഷം ഇവിടെയുണ്ട്. ഇത് മറ്റ് പല പ്രദേശങ്ങള്‍ക്കും മാതൃകയാണ്. സമാധാനത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ ആഘോഷമാണ് ഓണമെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാര്‍ക്ക് അനുകൂലമായി വിപണിയില്‍ വില പിടിച്ചുനിര്‍ത്തുന്നതിന് മികച്ച പ്രവര്‍ത്തനങ്ങളാണ് സഹകരണ മേഖല നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണച്ചന്തയിലെ ആദ്യ വില്പന മന്ത്രി നിര്‍വഹിച്ചു. സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന് ഭരണസമിതി അംഗം ജി. ത്യാഗരാജന് അധ്യക്ഷത വഹിച്ചു. എഴുകോണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ. ചെന്താമരാക്ഷന്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, മറ്റ് തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.