കെപിസിസി ഭവന പദ്ധതി: വീടിന്റെ താക്കോൽദാനം നാളെ
1451893
Monday, September 9, 2024 6:40 AM IST
ചവറ: കെപിസിസി ഭവന പദ്ധതിയുടെ ഭാഗമായി പന്മന വടക്കുംതലയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം നാളെ വൈകുന്നേരം അഞ്ചിന് നടക്കും. താക്കോൽദാനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
2018-ലെ പ്രളയത്തിനുശേഷം കോൺഗ്രസ് നിർമിച്ചു നൽകുന്ന 1101 -മത്തെവീടാണിത്. വടക്കുംതല നടേശേരിൽ തോപ്പിൽ മോഹനൻ-പ്രസന്ന ദമ്പതികൾക്കാണ് വീടു നിർമിച്ച് നൽകിയത്. രണ്ട് സെന്റ് ഭൂമിയിൽ തകർന്ന് വീഴാറായ വീട്ടിലായിരുന്നു താമസം. രണ്ട് സെന്റ് ഭൂമി മാത്രമായതിനാൽ സർക്കാരിൽ നിന്ന് വീടു ലഭിച്ചില്ല.
രോഗത്താൽ ബുദ്ധിമുട്ടുന്ന ഈ ദമ്പതികൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം.കോൺഗ്രസ് വടക്കുംതല മണ്ഡലം കമ്മിറ്റിയാണ് വീടു നിർമാണത്തിന് സഹായം നൽകിയത്.
കുറ്റിവട്ടം ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ എം. ലിജു, പി. രാജേന്ദ്രപ്രസാദ്, പഴകുളം മധു, ബിന്ദു കൃഷ്ണ, കെ.സി. രാജൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്ന് യുഡിഎഫ് ചെയർമാൻ കോലത്ത് വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, കോൺഗ്രസ് പന്മന ബ്ലോക്ക് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, യുഡിഎഫ് ജനറൽ സെക്രട്ടറി പൊന്മന നിശാന്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാ സുനീഷ് എന്നിവർ പറഞ്ഞു.