ചിറക്കരയിലെ മണ്ണിൽ പുളിരസം കൂടുതൽ: പൊട്ടാഷ് കുറവ്
1451607
Sunday, September 8, 2024 5:55 AM IST
ചാത്തന്നൂർ: ചിറക്കരയിലെ മണ്ണിന് പൊതുവേ പുളിരസം (അസിഡിറ്റി) കൂടുതലാണെന്ന് മണ്ണ് പരിശോധനയിൽ തെളിഞ്ഞു.ഫോസ്ഫറസിന്റെ അംശം കൂടുതലും പൊട്ടാഷിന്റെ അംശം തീരെക്കുറവുമാണ്. കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ആവശ്യാനുസരണം മണ്ണിൽ ചേർത്ത് അമ്ലത്വം കുറയ്ക്കാം. പൊട്ടാഷ് വളം കൂടുതൽ ചേർത്ത് പൊട്ടാസ്യത്തിന്റെ അഭാവവും പരിഹരിക്കാമെന്ന് കൃഷി വകുപ്പ് നിർദ്ദേശിക്കുന്നു.
ചിറക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പിന്റെ ഭാഗമായി നടന്ന സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബിൽ നടത്തിയ മണ്ണ് പരിശോധനയിലാണ് ഈ കണ്ടെത്തൽ. കർഷകർ എത്തിച്ച 40 സാമ്പിളുകൾ തത്സമയം പരിശോധിച്ച് ഫലം പ്രസിദ്ധീകരിച്ചു.
ഫലം വരും ദിവസങ്ങളിൽ കർഷകർക്ക് കൈമാറും. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഓരോ വിളയ്ക്കും വേണ്ട വളത്തിന്റെ ശിപാർശയും റിസൾട്ടിലുണ്ട്. മണ്ണറിഞ്ഞ് വളം ചെയ്യുന്നത് വിളകളുടെ ഉൽപ്പാദന വർധനവിന് കാരണമാകും. ശിപാർശപ്രകാരമുള്ള വളപ്രയോഗം ഉൽപ്പാദനച്ചെലവ് ലഘൂകരിക്കും.
സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പും അവബോധ ക്ലാസും ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. സജില ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ സുബി പരമേശ്വരൻ, പഞ്ചായത്ത് അംഗങ്ങളായ സുചിത്ര, ഉളിയനാട് ജയൻ, കൃഷി ഓഫീസർ എസ്. ശിൽപ്പ തുടങ്ങിയവർ പ്രസംഗിച്ചു. മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബിലെ കൃഷി ഓഫീസർ സുമേഷ് മണ്ണ് പരിശോധന സംബന്ധിച്ച് ക്ലാസ്സെടുത്തു.
പരിശോധനയ്ക്കായി കർഷകർ എത്തിച്ച 200 സാമ്പിളുകൾ കൊല്ലത്തെ ലാബിലെത്തിച്ച് പരിശോധിക്കും.