യുവാവിനെ ആക്രമിച്ച് കേസിലെ പ്രതി പിടിയിൽ
1451382
Saturday, September 7, 2024 6:02 AM IST
കൊല്ലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. മങ്ങാട്, ജിഞ്ചു വിലാസത്തിൽ റോയ് എന്ന ലിഞ്ചു (34) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 25 ന് വൈകുന്നേരം ചാത്തിനാംകുളം അംബേദ്കർ കോളനിക്ക് സമീപം ചാത്തിനാംകുളം സ്വദേശിയായ രാഹുൽ ഇരുചക്രവാഹനം ഓടിച്ചു പോകുന്പോൾ ലിഞ്ചുവിന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ചിരുന്നു. തുടർന്ന് രാഹുൽ ലിഞ്ചുവിനോട് ക്ഷമ ചോദിച്ചു.
എന്നാൽ പ്രതി രാഹുലിനെ അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രാഹുലിന്റെ മുതുകിലും കൈയിലും മുറിവൽക്കുകയും കൈപ്പത്തിയിലെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു.
കിളികൊല്ലൂർ പോലീസ് ലിഞ്ചുവിനെ അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ശ്രീജിത്ത്, സത്യരാജൻ, ലാലു, സിപിഒമാരായ ഗോപൻ, സാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.