വാളക്കോട് റെയിൽവേ മേൽപ്പാലം പുനർനിർമിക്കാൻ നടപടിയായി
1451083
Friday, September 6, 2024 6:12 AM IST
അനിൽ പന്തപ്ലാവ്
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ വാളക്കോട് മേൽപ്പാലം വീതികൂട്ടി പുനർനിർമിക്കാൻ നടപടികളായി.
ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി എൻ.കെ. പ്രേമചന്ദ്രൻ എംപി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
കുപ്പിക്കഴുത്തായി വാളക്കോട് മേൽപ്പാലം നിൽക്കുന്നതിനാൽ ദേശീയപാതയിൽ വാഹനാപകടം പതിവാണ്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.
വാളക്കോട് മേൽപ്പാലം നിർമാണം ബ്ലാക്ക് സ്പോട്ട് ഒഴിവാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെങ്കിൽ അപകടങ്ങൾ, മരണസംഖ്യ തുടങ്ങിയവയുടെ വിശദമായ വിവരങ്ങൾ ലഭ്യമാക്കണം. ഇതിലേയ്ക്കായി വിവരം ലഭ്യമാക്കാൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവരം ലഭ്യമാക്കുന്നതോടെ പ്രദേശം ബ്ലാക്ക് സ്പോട്ടില്‍ ഉള്‍പ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അഥോറിറ്റി റീജിയണല്‍ ഓഫീസർ എംപിക്ക് ഉറപ്പ് നല്കി.
കൊല്ലം കാവനാട് മുതൽ ഇടമൺവരെ നിലവിലെ ദേശീയപാത വീതി കൂട്ടി നവീകരിയ്ക്കുന്നതിനും, വാളക്കോട് മേല്‍പ്പാലം നിര്മിയ്ക്കുന്നതിനുമായി ദേശീയപാത അഥോറിറ്റി സമർപ്പിച്ച 460 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ചിരുന്നു.
ഇത് പുനഃ പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം കളക്ടറുടെ ചേംബറിൽ എംപി,എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്ത പുനലൂർ ബൈപ്പാസ് അവലോകനയോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.