കനത്ത മഴയിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി: വന്‍ നാശനഷ്ടം
1444781
Wednesday, August 14, 2024 3:35 AM IST
അഞ്ചല്‍ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഏരൂര്‍ പഞ്ചായത്തിലെ കാഞ്ഞുവയലില് പത്തിലധികം വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. മലയോര ഹൈവേയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ഓട സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണിട്ട് നികത്തിയതാണ് പാതയിലേക്കും ഒപ്പം നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറാന്‍ ഇടയാക്കിയത്.
വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയതിനാല്‍ പതിനായിരങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഹോട്ടല്‍, ബുക്ക് സ്റ്റാള്‍, ഇലട്രിക്, റബര്‍ വ്യാപാരം ഉള്‍പ്പടെ നിരവധി കടകളിലേക്ക് വെള്ളം കയറി.
ആദ്യം വെള്ളം കയറാനുണ്ടായ സാഹചര്യം ആര്‍ക്കും മനസിലായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് അല്പം മാറി ഏരൂര്‍ സ്വദേശി സൈനുദീന്‍ എന്നയാളുടെ വസ്തുവിലെ വാഹനം കയറ്റുന്നതിനായി ഓട മണ്ണും പാറയും ഉപയോഗിച്ച് നികത്തിയതായി കണ്ടെത്തിയത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അജിത്ത്, വാര്‍ഡ് അംഗം ഫൗസിയ ഷംനാദ്, പത്തടി വാര്‍ഡ് അംഗം എം.ബി നസീര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് അധികൃതര്‍ തന്നെ മുന്‍കൈയെടുത്ത് ജെസിബി, ഹിറ്റാച്ചി എന്നിവ എത്തിച്ചു നികത്തിയ ഓട പൂര്‍വ സ്ഥിതിയിലാക്കുകയായിരുന്നു.
അനധികൃതമായി ഓട നികത്തിയതിനെതിരെ മരാമത്ത് അധികൃതര്‍ക്കും വില്ലേജ് അധികൃതര്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആയിരങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും സ്വകാര്യ വ്യക്തിയില്‍ നിന്നും ഇത് ഈടാക്കി നല്‍കണം എന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. ഇല്ലാത്ത നിയമനപടിയിലേക്ക് നീങ്ങനാണ് വ്യാപാരികളുടെ തീരുമാനം.