ഹൈമാസ്റ്റ് ലൈറ്റിന് അനിവാര്യതാ സർട്ടിഫിക്കറ്റ് ഉറപ്പാക്കാൻ ശിപാർശ
1443683
Saturday, August 10, 2024 6:12 AM IST
ചാത്തന്നൂർ: അനിവാര്യത ഉറപ്പാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ഹൈമാസ്റ്റ് ലൈറ്റുകളും തെരുവ് വിളക്കുകളും സ്ഥാപിക്കാവൂ എന്ന് കൊല്ലം വിജിലൻസിന്റെ ശുപാർശ.
ചാത്തന്നൂരിൽ ഒരേ സ്ഥലത്ത് എംപിയും എംഎൽഎയും മത്സരിച്ച് രണ്ട് ഉയരവിളക്കുകൾ സ്ഥാപിച്ചതിനെ തുടർന്നുണ്ടായ പരാതിയിലാണ് വിജിലൻസ് സർക്കാരിന് ശിപാർശ നൽകിയത്.
ചാത്തന്നൂർ സെന്റ്ജോർജ് ഓർത്തഡോക്സ് പള്ളിയ്ക്ക് സമീപമാണ് ഒരേ സ്ഥലത്ത് രണ്ട് ജനപ്രതിനിധികൾ അവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ശിപാർശയുള്ളത്.
സർക്കാർ ഫണ്ട് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിലാണ് വിനിയോഗിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥന്മാരുടെ ഉത്തരവാദിത്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
എസ്റ്റിമേറ്റിനോടൊപ്പം തെരുവിളക്ക് ഒരു സ്ഥലത്ത് അനിവാര്യമാണെന്നു തെളിയിക്കുന്ന അനിവാര്യത സർട്ടിഫിക്കറ്റ് വാങ്ങി മാത്രമേ ഭരണാനുമതി നൽകാൻ പാടുള്ളൂവെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്നാണ് ശിപാർശ നൽകിയത്.
ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജി. ദിവാകരൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിന്മേൽ നടന്ന അന്വേഷണ റിപ്പോർട്ടിലാണ് ഈ ശിപാർശയുള്ളത്.