പോലീസ് സ്റ്റേഷനുകളിലെ സേവനം; നിർദേശങ്ങൾ സമർപ്പിക്കാം
1443382
Friday, August 9, 2024 6:05 AM IST
കൊല്ലം: സിറ്റി പോലീസ് പരിധിയിലെ പോലീസ് സ്റ്റേഷനുകളുടെ സേവനം മെച്ചപ്പെടുത്താൻ ഇനി മുതൽ പൊതുജനങ്ങൾക്കും നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ അവസരം ഒരുങ്ങുന്നു.
ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്പോൾ ലഭിക്കുന്ന സേവനത്തിൽ അതൃപ്തനാണെങ്കിലോ സേവനം മെച്ചപ്പെടുത്താൻ അഭിപ്രായങ്ങൾ നിർദേശിക്കാനോ ഉണ്ടെങ്കിൽ സ്റ്റേഷന് മുന്നിൽ പ്രദർശിപ്പിച്ച ക്യൂആർ കോഡ് സ്കാൻ ചെയ്യുന്പോൾ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാം.
പേര് വെളിപ്പെടുത്താതെ മൊബൈൽ നന്പർ മാത്രം നൽകിയും നിർദേശങ്ങൾ അറിയിക്കാം. അത്തരത്തിൽ ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ചശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും.
മെച്ചപ്പെട്ട സേവനം പൊതുജനങ്ങൾക്ക് ഉറപ്പ് വരുത്താനാണ് പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.