കൊല്ലത്ത് എല്‍ഡിഎഫിന്റെ മൂന്ന് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു
1441063
Thursday, August 1, 2024 6:50 AM IST
കൊല്ലം: ജില്ലയില്‍ തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ്. ഒരു സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. വിജയത്തോടെ തൊടിയൂരിലും പൂയപ്പള്ളിയിലും പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകും. തൊടിയൂര്‍ പഞ്ചായത്ത് പുലിയൂര്‍വഞ്ചി ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ നജീബ് മണ്ണേല്‍ 30 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
വാര്‍ഡ് മെമ്പര്‍ ആയിരുന്ന സിപിഎമ്മിലെ സലീം മണ്ണേല്‍ മരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നജീബ് മണ്ണേല്‍ 657 വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ ജബാര്‍ 627 വോട്ടും, നാസറുദീന്‍ (എസ്ഡിപിഐ) 232 ഉം കെ.സി. മണി (ബിജെപി) ഏഴ് വോട്ടും നേടി. 23 അംഗ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റായിരുന്ന സലിം മണ്ണേലിന്റെ മരണത്തോടെ ഇരുപക്ഷത്തും 11 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
സ്വതന്ത്രയുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തിലേറിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തോടെ യുഡിഎഫ് അംഗങ്ങളുടെ എണ്ണം 12 ആയി വര്‍ധിച്ചു. ഇതോടെ ഭരണം യുഡിഎഫിന് ലഭിക്കും.
പൂയപ്പള്ളി പഞ്ചായത്ത് കാഞ്ഞിരംപാറ അഞ്ചാം വാര്‍ഡിൽ കോണ്‍ഗ്രസിലെ എം. ബിന്ദു വിജയിച്ചു. 380 വോട്ടാണ് ബിന്ദുവിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്. ലേഖ (358), ബിജെപി സ്ഥാനാര്‍ഥി മോനിഷ രഞ്ജിത്(95) എന്നിങ്ങനെ വോട്ടുകള്‍ നേടി.
എല്‍ഡിഎഫ് - എട്ട്, യുഡിഎഫ് - ഏഴ്, ബിജെപി - ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദുവിന്റെ വിജയത്തോടെ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് എട്ടും സീറ്റുകള്‍ വീതമായി. ഇതോടെ ഭരണം യുഡിഎഫിന് ലഭിക്കും.
ശൂരനാട് തെക്ക് പതിമൂന്നാം വാര്‍ഡ് കുമരംചിറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജ്മല്ഖാന് 167 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അജ്മല്‍ ഖാന് - 504, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. സലിം - 337, സോമചന്ദ്രന്പിള്ള (ബിജെപി) - 191, നൗഷാദ് (സ്വതന്ത്രന്) - 25 എന്നിങ്ങനെയാണ് വോട്ടിംഗ് നില.
കരവാളൂര്‍ പഞ്ചായത്തിലെ ടൗണ്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ അനൂപ് പി. ഉമ്മനാണ് ജയിച്ചത്. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഭരണ മാറ്റമില്ല.
16 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ആറും സീറ്റുകളാണ് ഉള്ളത്. അനൂപിന് 406 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി മായാദേവിക്ക് 235 വോട്ടും ലഭിച്ചു. അശോക് കുമാര്‍ (ബിജെപി)- 194, അജയകുമാര്‍ (സ്വതന്ത്രന്)- 108, റിനു രാജന് (സ്വതന്ത്ര)-54 എന്നിങ്ങനെ വോട്ടുകള്‍ നേടി.