ആര്യാട് ഗോപി മാധ്യമ അവാർഡ്: അപേക്ഷ ക്ഷണിച്ചു
1437550
Saturday, July 20, 2024 7:10 AM IST
കൊല്ലം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റും ജനയുഗം വാരിക എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർഥം ആര്യാട് ഗോപി കുടുംബ ട്രസ്റ്റും കൊല്ലം പ്രസ് ക്ലബും സംയുക്തമായി ഏർപ്പെടുത്തിയ ദൃശ്യമാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കും കാമറാമാനുമാണ് അവാർഡ് നൽകുന്നത്. 2023 ജൂൺ 30 മുതൽ 2024 ജൂൺ 30 വരെ കേരളത്തിലെ ദൃശ്യമാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്ത മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളും ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിയുടെ മികച്ച ദൃശ്യങ്ങളുമാണ് അവാർഡിനായി പരിഗണിക്കുന്നത്. സ്റ്റോറികൾ പരമാവധി രണ്ട് മിനിറ്റിൽ കൂടാൻ പാടില്ല. ഒരാൾ ഒരു എൻട്രി മാത്രമേ നൽകാൻ പാടുള്ളു.
വീഡിയോ ഗൂഗിൾ ഡ്രൈവിൽ അപ് ലോഡ് ചെയ്ത ശേഷം ഡൗൺലോഡ് ലിങ്കും സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും പാസ് പോർട്ട് സൈസ് ഫോട്ടോയും ഫോൺനമ്പരും സഹിതം ഓഗസ്റ്റ് ആറിനകം [email protected] ഇ മെയിലിൽ അയയ്ക്കണം. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിക്കുന്ന ആര്യാട് ഗോപി അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. ഫോൺ : 0474-2741371, 2960868.