സഹകരണ മേഖലയിൽ ആസൂത്രിതമായ പകൽകൊള്ള: ബി.ബി. ഗോപകുമാർ
1435739
Saturday, July 13, 2024 6:16 AM IST
ചാത്തന്നൂർ : കൊല്ലത്ത് ഇടതുമുന്നണി ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടക്കുന്നത് ആസൂത്രിതമായ പകൽകൊള്ളയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു.
സഹകരണ കൊള്ളയ്ക്കും ധൂർത്തിനും എതിരെ ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ ബാങ്കുകളിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളും സിപിഎം നേതൃത്വത്തിന്റേയും സഹകരണവകുപ്പിന്റേയും അറിവോടെയാണ്. അതിനാൽ ജില്ലയിലെ സഹകരണ മേഖലയിൽ നടക്കുന്ന സാമ്പത്തിക ക്രമകേടുകൾ ആസൂത്രിതമാണെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, ജില്ലാ സഹകരണ സെൽ കൺവീനർ എസ്.വി. അനിത്ത് കുമാർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജൻ പിള്ള, മൈലക്കാട് രഞ്ജിത് എന്നിവർ പ്രസംഗിച്ചു.