വയറിളക്ക രോഗലക്ഷണങ്ങൾ കരുതലെടുക്കണം : ആരോഗ്യ വകുപ്പ്
1435732
Saturday, July 13, 2024 6:09 AM IST
കൊല്ലം : വയറിളക്ക രോഗങ്ങൾക്കെതിരേ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഷിഗല്ല, കോളറ തുടങ്ങിയവയാണ് രോഗങ്ങൾ.
സാധാരണയായി മുതിർന്നവരിൽ വയറിളക്ക രോഗങ്ങൾക്ക് ആശുപത്രിവാസം വേണ്ടി വരില്ലെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്ത ആരോഗ്യകേന്ദ്രത്തിൽ എത്തി ചികിത്സ തേടണം.
വൃത്തിയില്ലാത്ത സാഹചര്യത്തിൽ തയാറാക്കിയതും പഴകിയതുമായ ഭക്ഷണം കഴിക്കുക, തിളപ്പിക്കാത്ത വെള്ളം കുടിക്കുക എന്നിവയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്ത വയറിളക്കരോഗങ്ങളുടെ പ്രധാന കാരണങ്ങൾ.
പെട്ടെന്നുള്ള, കഠിനമായതും വയറു വേദനയില്ലാത്തതും, കഞ്ഞിവെള്ളം പോലെയുള്ളതുമായ വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം.
മിക്കപ്പോഴും ഛർദിയും ഉണ്ടായിരിക്കും. വയറു വേദന, കാലുകളിൽ കോച്ചിപ്പിടുത്തം എന്നിവയും അനുഭവപ്പെടാം.
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന നിർജലീകരണം സംഭവിക്കാം. അത് മരണ കാരണവുമായേക്കാം. വയറിളക്കരോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ പാനീയ ചികിത്സ ആരംഭിക്കണം.
ഇതിനായി ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, മോരിൻ വെള്ളം തുടങ്ങിയവ നൽകാമെന്നും ഡിഎംഒ അറിയിച്ചു.