തോരാമഴ തീരാദുരിതം; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
1425910
Thursday, May 30, 2024 12:49 AM IST
കൊല്ലം: ജില്ലയിൽ ഇന്നലെയും മഴയ്ക്ക് കാര്യമായ ശമനമില്ല. രാവിലെ മുതൽ പെയ്ത മഴ ഇടവിട്ട് വൈകുന്നേരം വരെ തുടർന്നെങ്കിലും കഴിഞ്ഞ ദിവസത്തേത് പോലെ ശക്തിപ്രാപിച്ചില്ല. മഴയ്ക്കൊപ്പം എല്ലായിടത്തും നേരിയ കാറ്റും അനുഭവപ്പെട്ടു.
അതേ സമയം നഗര പ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും റോഡുകളിൽ അടക്കം രൂപപ്പെട്ട വെള്ളക്കെട്ട് മാറിയിട്ടില്ല. താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിൽ കയറിയ വെള്ളവും ഇറങ്ങിയിട്ടില്ല.
തീരദേശ മേഖലയിൽ കടൽ ഇപ്പോഴും പ്രക്ഷുബ്ധമാണ്. ജൂൺ രണ്ടു വരെ കടലിൽ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ജില്ലയിലെ എല്ലാ ജലാശയങ്ങളിലും വെള്ളത്തിന്റെ നിരപ്പ് ഉയർന്നിട്ടുണ്ട്. മലവെള്ളപ്പാച്ചിൽ കൂടി ആരംഭിക്കുമ്പോൾ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.
പള്ളിക്കലാറ് കരകവിഞ്ഞു
കൊല്ലം: ശാസ്താംകോട്ടയിൽ പള്ളിക്കലാറ് കരകവിഞ്ഞതോടെ ശൂരനാട് വടക്ക്, തെക്ക് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറി. അന്‍പതോളം വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ഏലാകളും റോഡുകളും വെള്ളത്തില്‍ മുങ്ങി. രണ്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നു. റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി, പാറക്കടവ്, പാതിരിക്കല്‍, കൂരിക്കുഴി, മണലിക്കല്‍, ആനയടി വയല്‍ കോളനി, ശൂരനാട് തെക്ക് കിടങ്ങയം വല്ല്യച്ഛന് നട എന്നിവിടങ്ങളിലാണ് പള്ളിക്കലാറ് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയത്. പലരും ബന്ധുവീടുകളിലേക്ക് മാറി. ശൂരനാട് വടക്ക് ഓണമ്പിള്ളി, ആനയടി, നെടിയപാടം, കൂരിക്കുഴി, വിളക്കുപാടം, ശൂരനാട് തെക്ക് വെങ്ങോല, കുമരന് ചിറ, പന്തിരംമ്പിള്ളി തുടങ്ങി പ്രധാന ഏലാകളെല്ലാം വെള്ളം കയറി.
ഓണമ്പിള്ളി ഏലായില്‍ രണ്ടുദിവസം മുമ്പ് നട്ട ഞാറ്റാടികള്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഓരോ മേഖലയിലും വലിയ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. ശൂരനാട് ഹൈസ്കൂള്‍ ജങ്ഷന്-പാറക്കടവ് റോഡും ഓണമ്പിള്ളി ഏലാറോഡും വെള്ളത്തില്‍ മുങ്ങി. പാറക്കടവ് അങ്കണവാടിയില്‍ വെള്ളം കയറി. കൊല്ലം-തേനി ദേശീയപാതയില്‍ ശൂരനാട് അരീക്കല്‍ കലുങ്കിന് സമീപം റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.
ശാസ്താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അടുത്തിടെ നവീകരിച്ച ശൂരനാട് ഹൈസ്കൂള്‍ ജങ്ഷന്-കിഴകിട ഏലാ റോഡിന്റെ വശങ്ങളും ഇടിഞ്ഞുതാഴ്ന്നു.
ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്ക് വേണ്ടി തെരച്ചിൽ തുടരും
കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിൽപ്പെട്ട മുഖത്തല കണിയാംതോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളെ ഇന്നല നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല. രാത്രി മഴയും ഇരുട്ടും ആയതിനെ തുടർന്ന് തെരച്ചിൽ നിർത്തിവച്ചു. ഇന്നും തെരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് അറിയിച്ചു.
തൃക്കോവിൽവട്ടം പഞ്ചായത്തിലെ കുറുമണ്ണ വയലിൽ പുത്തൻ വീട്ടിൽ നൂഹു എന്നു വിളിക്കുന്ന സലി (48) മിനെയാണ് കാണാതായത്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വെള്ളം കയറിയ വീടുകളിൽ നിന്നും താമസക്കാരെ ക്യാമ്പിലേക്ക് മാറ്റുന്നതിനും രോഗികളെ വീട്ടിൽ നിന്നും പുറത്തു കൊണ്ടുവരുന്നതിനും, വെള്ളം വെട്ടി വിടുന്നതിന്നും ചൊവ്വാഴ്ച രാവിലെ മുതൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തൊടൊപ്പം സലീമും ഉണ്ടായിരുന്നു.
വൈകുന്നേരം തോടിന് സമീപത്തുകൂടി നടക്കവേകാൽ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. സംഭവ സമയം അവിടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞ് കൊല്ലത്തു നിന്നും ഫയർ ഫോഴ്സിന്റെ സ്കൂബാ ടീമെത്തി രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച നടത്തിയ തെരച്ചിലിലും സലീമിനെ കണ്ടെത്താനായില്ല.
മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം സജീവ്, പി.സി. വിഷ്ണുനാഥ് എംഎൽഎ എന്നിവർ തെരച്ചിലിന് മേൽനോട്ടം വഹിക്കുന്നതിനായി സ്ഥലത്തുണ്ടായിരുന്നു. തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും തുടരും.
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കരുനാഗപ്പള്ളി : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താലൂക്കിൽ നാലിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുലശേഖരപുരം ഗവ.എച്ച്എസ്എസ്., തഴവ അഭയകേന്ദ്രം, ക്ലാപ്പന വരവിള ഗവ. എൽപിഎസ്., വലിയകുളങ്ങര എൽപിഎസ്. എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയത്. 28 കുടുംബങ്ങളിൽ നിന്നുള്ളവരെയാണ് വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. കുലശേഖരപുരത്തെ ക്യാമ്പിൽ നാലു കുടുംബങ്ങളിൽ നിന്നായി ഏഴുപേരും തഴവയിലെ ക്യാമ്പിൽ മൂന്നു കുടുംബങ്ങളിൽ നിന്നായി ഏഴുപേരും വലിയകുളങ്ങരയിലെ ക്യാമ്പിൽ എട്ടു കുടുംബങ്ങളിൽ നിന്നായി 22 പേരും ക്ലാപ്പനയിലെ ക്യാമ്പിൽ 13 കുടുംബങ്ങളിൽ നിന്നായി 19 പേരുമാണ് ഉള്ളത്. പാവുമ്പ വടക്ക് രമ്യാലയത്തിൽ രവീന്ദ്രന്റെ വീട്ടുമുറ്റത്തെ 17 തൊടിയൂള്ള കിണർ ഇടിഞ്ഞുതാഴ്ന്നു.