നൂറോ ളം വീടുകളിൽ വെള്ളം കയറി; നിരവധി വീടുകൾ തകർന്നു
1425422
Monday, May 27, 2024 11:54 PM IST
കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിൽപെട്ട മൈലാപ്പൂർ വാർഡിലെ പുതുച്ചിറയിൽ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിൽ നിന്നും പലരും ഒഴിഞ്ഞു പോവുകയും ചിലർ വീടുകളിൽ കുടുങ്ങുകയും ചെയ്തു. പെരുംകുളം ഏലായുടെ കരയിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. പല വീടുകളിലും വീട്ടുപകരണങ്ങൾ നശിക്കുകയും വാഹനങ്ങൾ പുറത്തേക്കിറക്കാൻ പറ്റാത്തഅവസ്ഥയിലുമാണ്. ഒട്ടുമിക്ക ഇടങ്ങളിലും വീടുകളിലേക്കുള്ള വഴി മുഴുവൻ വെള്ളം നിറഞ്ഞു കിടക്കുകയാണ്.
നൂറോളം വീടുകളിലാണ് ഇവിടെ വെള്ളം കയറിയിട്ടുള്ളത്. പലരും ബന്ധുവീടുകളിലാണ് അഭയം തേടിയത്. പുതുച്ചിറ പെരുങ്കുളം ശിവക്ഷേത്രത്തിന് അടുത്ത് രാജ്സദനത്തിൽരാജുവിന്റെ വീട്ടിൽ മുഴുവനായും വെള്ളം കയറി. വീട്ടു സാധനങ്ങൾഎല്ലാം വെള്ളത്തിൽമുങ്ങിക്കിടക്കുകയാണ്. ആറിന്റെ പുനർനിർമാണവും ബൈപ്പാസ് റോഡിലെ പാലങ്ങളുടെ നിർമാണവും ആണ് ഇവിടെ വെള്ളം കയറാൻ കാരണമാക്കിയത്.
ചൂരങ്ങൾ ആറ് വൃത്തിയാക്കുന്നതിനായി ഹിറ്റാച്ചിയും ജങ്കാറും കൊണ്ടുപോകുന്നതിന് വേണ്ടി വശങ്ങളിൽ വലിയ രീതിയിൽ വഴി ഉണ്ടാക്കി ആറ്റുതീരം വെട്ടി പൊളിച്ചത് ഇവിടെ വെള്ളം കയറാൻ ഇടയാക്കിയതിന്റെ ഒരു കാരണം ആണ്. പല വീടുകളിലും വെള്ളത്തോടൊപ്പം ഇഴജന്തുക്കളും കുളയട്ടയും കയറിയിട്ടുണ്ട്. രക്തം കുടിക്കുന്ന രീതിയിലുള്ള കുളയട്ട വീട്ടുകാർക്ക് ഭീഷണിയായിട്ടുണ്ട്. അട്ടകൾ കാലിൽ കടിച്ചാൽ എടുത്തു മാറ്റാനും കഴിയില്ല. ഗ്രാമപഞ്ചായത്ത് അംഗം ഷാജഹാന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇത്രയധികം വീടുകളിൽ വെള്ളം കയറിയിട്ടും റവന്യൂ അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. ബൈപാസിൽ പാലം നിർമിക്കുന്ന സ്ഥലങ്ങളിൽ സുഗമമായി വെള്ളം ഒഴുകി പോകാൻ ഉള്ള സംവിധാനം ഉണ്ടാക്കുവാൻ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീട് ഇടിഞ്ഞു വീണു
ചാത്തന്നൂര്‍: ശക്തമായ മഴയില്‍ വീട് ഇടിഞ്ഞുവീണു. ചിറക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തട്ടാരുകോണം ചരുവിള പുത്തൻ വീട്ടിൽ കമലമ്മ അമ്മയുടെ വീടാണ് ഇടിഞ്ഞു വീണത്. വീടിന്റെ പകുതി കോൺക്രീറ്റും ബാക്കി ഓടുമാണ്.
മേൽക്കൂര കോൺക്രീറ്റ് ആയിട്ടുള്ളത് പൂർണമായും ഓടിട്ട ഭാഗത്തെ ഒരു മുറിയുടെ മേൽക്കൂര ഭാഗികമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 10 ഓടെ ആയിരുന്നു സംഭവം. 85 വയസുള്ള കമലമ്മ അമ്മ എപ്പോഴും ഇരിക്കാറുള്ള മുറിയാണ് ഇടിഞ്ഞു വീണത്. കമലമ്മ അമ്മ മകന്റെ വീട്ടിലും മറ്റ് കുടുംബാംഗങ്ങൾ ജോലിക്കും പോയിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി. പഞ്ചായത്ത് മെമ്പറുടെ നേതൃത്വതിൽ കമലമ്മ അമ്മയെ മകന്റെ വീട്ടിലേക്കും ഉഷ, മോഹനൻ, മോനിഷ എന്നിവരെ ചിറക്കര പഞ്ചായത്തിലെ പകൽ വീട്ടിലേക്കു മാറ്റി പാർപ്പിച്ചു.
കൊ ട്ടാരക്കരയിലും
വീടുകൾ തകർന്നു
കൊട്ടാരക്കര: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ തകർന്നു. മൈലം ഇഞ്ചക്കാട്ട് കുഴിവിള വീട്ടിൽ സുമതിയുടെ വീട് ഭാഗികമായും തൊഴുത്ത് പൂർണമായും നശിച്ചു. സ്ഥലത്ത് റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഏകദേശം 80,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. നിലമേൽ നെട്ടയം സുപ്രഭാ മന്ദിരത്തിൽ സുപ്രയുടെ വീടും ഭാഗികമായി തകർന്നു. 25000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. നെടുവത്തൂർ പിണറ്റിൻ മൂട് ചാത്തൂർ ഗോപാലന്റെ വീടും തകർന്നിട്ടുണ്ട്. മേൽക്കൂര പൂർണമായി നിലംപൊത്തി. പരിശോധന നടത്തിയ റവന്യു സംഘം 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. വീട് നശിച്ചവർക്കും വിളനാശം സംഭവിച്ചവർക്കും അടിയന്തിര ധനസഹായം നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കടയുടെയും വീടിന്റേയും
ഭിത്തി ഇടിഞ്ഞുവീണു
ചവറ : ശക്തമായ മഴയെ തുടർന്ന് വീടിന്റേയും കടയുടെയും ഭിത്തി ഇടിഞ്ഞുവീണു. ചവറ തെക്കുംഭാഗം ലൂർദ് പുരം തൊടിയിൽ കിഴക്കതിൽ വീട്ടില്‍ ക്ലീറ്റസിന്റെ വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞ് വീണത്. മഴയില്‍ ഭിത്തിയുടെ ഒരു വശം ഇടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം ക്ലീറ്റസും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു.
വലിയ ശബ്ദം കേട്ട് ഇവര്‍ പുറത്ത് വന്ന് നോക്കുമ്പോള്‍ ഭിത്തിയുടെ ഒരു വശം ഇടിഞ്ഞ് വീണ് കിടക്കുന്നതാണ് കണ്ടത്. പകുതി ഷീറ്റും ഓടു മേഞ്ഞതുമായിരുന്നു വീട്. സംഭവം അറിഞ്ഞ് ചവറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍പിള്ള, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഭിത്തി പുറത്തേക്ക് വീണതിനാല്‍ വലിയ അപകടം ഒഴിവായി.
തെക്കുംഭാഗം മാലിഭാഗം മഠത്തിൽ വടക്കതിൽ രാജൻ ആചാരിയുടെ ഉടമസ്ഥതയിലുള്ള കടയുടെ ഭിത്തിയുടെ പകുതി ഭാഗം ഇടിഞ്ഞ് വീണു. വീടിന്റെ മുൻവശത്തുള്ള കടയുടെ പകുതിഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം കടയിൽ ആരും ഉണ്ടായിരുന്നില്ല. ഭിത്തി ഇടിഞ്ഞ് വീണതിനെ തുടർന്ന് സമീപത്തെ വീടിന്റെ വാട്ടർ ടാങ്കും തകർന്നു.