‘വൈദ്യുതി ബോ ർഡിൽ തസ്തിക വെട്ടികുറയ്ക്കാനുള്ള നടപടി പിൻവലിക്കണം’
1425178
Sunday, May 26, 2024 11:11 PM IST
കൊല്ലം: വൈദ്യുതി ബോർഡിൽ തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ പിൻവലിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ -എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഗോപകുമാർ പറഞ്ഞു.
വിതരണ മേഖലയിലുൾപ്പടെ സാങ്കേതിക വികാസവും ആധുനികവൽക്കരണവും നടപ്പിലാക്കാതെ ആയിരക്കണക്കിന് ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുന്നതിലൂടെ മെച്ചപ്പെട്ട സേവനം നൽകാൻ കഴിയാത്ത സാഹചര്യമാണ്.
ആനുകുല്യ നിഷേധവും നിയമന വിലക്കും അർഹതപ്പെട്ട പ്രമോഷൻ നൽകാതിരിക്കുന്നതും ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളും അവസാനിപ്പിക്കേണ്ടതാണ്.
രാജ്യത്തെ കർഷകർ നടത്തുന്ന സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് എതിരെ ശക്തമായ ജനകിയ പ്രതിഷേധം ഉയർത്തികൊണ്ട് വരാൻ ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പുഴ ഗ്രാമോദ്ധാരണ ബാങ്ക് ഹാളിൽ നടന്ന കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ -എഐടിയുസി കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കാലവിളംബ പെട്ടുകിടക്കുന്ന ജലവൈദ്യുത പദ്ധതികൾ പൂർത്തീകരിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കുക, വർധിച്ച് വരുന്നഉപഭോഗത്തിനനുസരിച്ച് ശ്രൃംഖലാ നവീകരണം ശക്തിപ്പെടുത്തുക, വൈദ്യുതി ഓഫിസുകൾക്കും ജീവനക്കാർക്കും എതിരെയുള്ള അക്രമങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാൻ ആരോഗ്യ മേഖലയിലെ പോലെ നിയമനിർമാണം നടത്തുക, ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പടെ ഒഴിവുള്ള തസ്തികകളിൽ പ്രമോഷൻ നൽകി ഉണ്ടാകുന്ന ഒഴിവിലേക്ക് നിയമനം നടത്തുക, കരാർവൽക്കരണ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊല്ലം ജില്ലാ പ്രസിഡന്റ് ജി.ഗോപകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജികുമാർ കേന്ദ്ര റിപ്പോർട്ടിങ്ങ് നടത്തി.
എഐടിയുസി കൊല്ലം ജില്ലാ ജനറൽസെക്രട്ടറി ജി.ബാബു, സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ, എഐടിയുസി കുണ്ടറ മണ്ഡലം സെക്രട്ടറി ജെറോം, വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹികളായ ഫിലിപ്പോസ്,അശ്വതി, പ്രദീപ്കുമാർ, ഓഫിസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി വിനോദ്, കോൺട്രാക്റ്റ് വർക്കേഴ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ പ്രസിഡൻന്റ് പി.മുരളിധരൻ എന്നിവർ പ്രസംഗിച്ചു. സർവിസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ആദരവ് നൽകി.
ഭാരവാഹികൾ ദീലിപ് കുമാർ -പ്രസിഡന്റ്, സി.പ്രദീപ്കുമാർ -സെക്രട്ടറി, വിഷ്ണു -ട്രഷറർ എന്നിവരെ സമ്മേളനം ഭാരവാഹികളായി തെരഞ്ഞെടുത്തു.