ഐസിഎസ് ജംഗ്ഷനിൽ വെള്ളക്കെട്ട്, കടകളിൽ വെളളം കയറുന്നു
1425058
Sunday, May 26, 2024 7:04 AM IST
ശാസ്താംകോട്ട: അശാസ്ത്രീയമായ ഓട നിർമാണവും വാട്ടർ അഥോറിറ്റിയുടെ നടപടി മൂലവും മൈനാഗപ്പള്ളി ഐസിഎസ് ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമാവുകയും കടകളിൽ വെള്ളം കയറുകയും ചെയ്യുന്നു.
കിഫ്ബി പദ്ധതിപ്രകരം പണി ആരംഭിച്ച വെറ്റ മുക്ക് - താമരക്കുളം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഐസിഎസ് ജംഗ്ഷനിലും റോഡ് നിർമിക്കുകയും വശങ്ങളിൽ വെള്ളം ഒഴുകി പോകാൻ ഓട സ്ഥാപിക്കുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ നിർമാണമായിരുന്നതിനാൽ റോഡ് താഴ്ന്നും ഓട ഉയരത്തിലും എന്ന നിലയിയായി നിർമാണം പൂർത്തീകരിച്ചു വന്നപ്പോൾ. ഇത് മൂലം റോഡിലെ വെള്ളം ഓടയിലേക്ക് ഇറങ്ങി പോകാറില്ല. ഓടയുടെ ചില ഭാഗങ്ങളിൽ ദ്വാരം ഇട്ടാണ് റോഡിലെ വെള്ളം ഓടയിലേക്ക് ഇറക്കുന്നത്. അതിനാൽ വെള്ളം പൂർണമായി റോഡിൽ നിന്ന് ഒഴുകി പോകാറില്ല.
ഇതിനോടൊപ്പം മൈനാഗപ്പള്ളി കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി പൈപ്പ്ഇടാൻ എടുത്ത കുഴികൾ വേണ്ടവിധത്തിൽ മൂടാത്തതിനാലും ചേമ്പറുകൾ നിർമിക്കാൻ എടുത്ത കുഴിയിലെ മണ്ണ് നീക്കം ചെയ്യാത്തതിനാലും മഴ വെള്ളം ഓടയിലേക്ക് ഇറങ്ങിപ്പോകാതെ റോഡിൽ കെട്ടി കിടക്കുകയുമാണ്.
ശക്തമായ മഴ പെയ്യുമ്പോൾ വെള്ളം ഉയർന്ന് സമീപത്തെ കടകളിൽ കയറി നഷ്ടം ഉണ്ടാക്കുന്നുമുണ്ട്. നിമിഷം പ്രതി ബസുകൾ അടക്കം നിരവധി വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്.
വാഹനങ്ങൾ കടന്ന് പോകുമ്പോഴും കടകളിലേക്ക് വെള്ളം കയറും. ജംഗ്ഷനിൽ ബസ് കാത്ത് നിൽക്കുന്നവരുടെയും ഇരുചക്ര വാഹന യാത്രക്കാരുടെയും ദേഹത്തേക്ക് വെള്ളം തെറിച്ച് വീഴുന്നതും പതിവാണ്. ഒഴുകിയെത്തുന്ന മണ്ണും ചെളിയും കടകൾക്ക് മുന്നിൽ കെട്ടി കിടക്കുകയുമാണ്.
വെള്ളം ഒഴുകുന്ന ഭാഗത്തുള്ള മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജംഗ്ഷനിലെ വ്യാപാരികൾ വാട്ടർ അഥോറിറ്റി അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.