സൗഹൃദ വടംവലിയിൽ പോ ലീസ് നേതാക്കൾ
1416353
Sunday, April 14, 2024 5:27 AM IST
കൊല്ലം : എല്ലാവരെയും വോട്ട് ചെയ്യിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദവടംവലി മത്സരം ആവേശമായി. പേരിലെ 'സൗഹൃദം'വിട്ട് പൊരുതിയപ്പോൾ കേരള പോലീസിന് വിജയം. അഡീഷണൽ എസ്പി സുൽഫിക്കർ നയിച്ച ടീമാണ് ജില്ലാ കളക്ടർ എൻ. ദേവീദാസ് നയിച്ച റവന്യൂ വകുപ്പ് ടീമിനെ ഫൈനലിൽ കീഴ്പെടുത്തിയത്.
വിജയികൾക്ക് വാഴക്കുല സമ്മാനമായി ജില്ലാ കളക്ടർ നൽകി. എക്സൈസ് -അഗ്നി ശമന സേനകളും പൊരുതിയെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായി. ബീച്ചിലെ സായാഹ്നം കൂടാൻ പങ്കെടുത്ത വലിയ ജനാവലിയെ സാക്ഷിയാക്കി വോട്ട് ചെയ്യുമെന്ന പ്രതിജ്ഞയും കളക്ടർ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുപ്പ് പ്രശ്നോത്തിരിയും ഫ്ലാഷ് മോബും ബോധവൽക്കരണത്തിന്റെ ഭാഗമായി. സ്വീറ്റ് മോഡൽ ഓഫീസർ വി.സുദേശൻ, എക്സൈസ് ജില്ലാ ഓഫീസർ വി .സുഭാഷ്, ഐ എച്ച് ആർ ഡി കോളജ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.