കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
1396245
Thursday, February 29, 2024 2:26 AM IST
കുണ്ടറ: കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. പ്രസിഡന്റ് പി.ഉമാദേവി അമ്മ സ്ഥാനം രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിലെ മുൻധാരണ പ്രകാരമാണ് കോൺഗ്രസ് അംഗമായ പി. ഉമാദേവി അമ്മയുടെ രാജി.
ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കൊടുവിള വാർഡ് അംഗം കെ.ജി ലാലിയാണ് യുഡിഎഫിലെ പ്രസിഡന്റ് സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ എസ്.ശ്രുതി മത്സരിക്കും.
15 വാർഡുകൾ ഉള്ള കിഴക്കേ കല്ലട പഞ്ചായത്തിൽ യുഡിഎഫ് എട്ട്, എൽഡിഎഫ് ആറ് , ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. അമ്പിളി ശങ്കർ ആണ് താഴം വാർഡിൽ നിന്നുള്ള ബിജെപിയുടെ പഞ്ചായത്ത് അംഗം.
അമ്പിളി ശങ്കർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് സാധ്യത. കുണ്ടറ അഗ്രികൾച്ചർ അസി. ഡയറക്ടർ രാജി ആണ് തെരഞ്ഞെടുപ്പ് വരണാധികാരി.