‘നാഗമല എസ്റ്റേറ്റ് ലയങ്ങൾ അടിയന്തരമായി നവീകരിക്കണം’
1396244
Thursday, February 29, 2024 2:26 AM IST
പുനലൂർ : നാഗമല എസ്റ്റേറ്റ് ലയങ്ങൾ അടിയന്തരമായി നവീകരിയ്ക്കണമെന്ന് കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഫെഡറേഷൻ തെന്മല മണ്ഡലം യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എൻ. ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഷാജഹാൻ അധ്യക്ഷത വഹിച്ചു.
നാഗമല എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ അടിയന്തരമായി നവീകരിച്ച് തൊഴിലാളികളുടെ താമസ സൗകര്യം മെച്ചപ്പെടുത്തണമെന്നും ലയത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് കൈതകൃഷി ഒഴിവാക്കി തൊഴിലാളികൾക്ക് ഇഴ ജന്തുക്കളിൽ നിന്നും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാഗമലയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഇടമൺ മുഹമ്മദ്ഖാൻ, ജില്ലാ ജനറൽ സെക്രട്ടറി സജി ഇല്ലിക്കൽ, അഗസ്റ്റിയൻ, നിതിൻദാസ്, ഷെമീന തുടങ്ങിയവർ പ്രസംഗിച്ചു.