ചെട്ടിയാരഴികത്ത് പാലം ഇന്ന് നാടിന് സമർപ്പിക്കും
1394342
Tuesday, February 20, 2024 11:50 PM IST
കൊട്ടാരക്കര: കല്ലടയാറിനു കുറുകെ കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന താഴത്തു കുളക്കട ചെട്ടിയാരഴികത്ത് പാലം മന്ത്രി മുഹമദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും. വൈകുന്നേരം അഞ്ചിനാണ് ചടങ്ങ് നടക്കുക.
നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു കൊല്ലം ജില്ലയിലെ കുളക്കടയെയും പത്തനംതിട്ട ജില്ലയിലെ മണ്ണടിയേയും ബന്ധിപ്പിച്ച് പാലം നിർമിക്കണമെന്നത്.
ഐഷാ പോറ്റി എംഎൽഎ ആയിരിക്കെയാണ് പാലം നിർമാണത്ത് സംസ്ഥാന സർക്കാർ ഫണ്ടനുവദിച്ചതും നിർമാണത്തിന് തുടക്കം കുറിച്ചതും. 2019 നവംബറിലാണ് നിർമാണോദ്ഘാടനം നടന്നത്.
കോവിഡ് കാലമായതോടെ നിർമാണം മുടങ്ങി. തൂണിന്റെ ഡിസൈൻ മാറ്റേണ്ടി വന്നത് കാലതാമസത്തിനും കാരണമായി. പിന്നീട് മന്ത്രിതലത്തിൽ ഇടപെടലുകളുണ്ടായതോടെയാണ് നിർമാണത്തിൽ പുരോഗതിയുണ്ടായത്.
ഏനാത്ത് പാലത്തിന് സമാന്തരമായാണ് പുതിയ പാലം. 128 മീറ്റർ നീളവും 11.5 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ഇതിൽ 7.5 മീറ്റർ കാര്യേജ് വേയും 1.5 മീറ്റർ വീതം ഇരുവശത്തുമായി കാൽനട പാതയുമാണ്. ഏകദേശം 13 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.
ചരിത്രപ്രസിദ്ധമായ മണ്ണടി ക്ഷേത്രത്തിലെത്താൻ ഇനി തെക്കൻ ജില്ലകളിലുള്ളവർക്ക് പാലം വഴി സഞ്ചരിക്കാം. ഏനാത്തു വഴി ചുറ്റി സഞ്ചരിക്കാതെ മണ്ണടിയിലെത്തുമ്പോൾ ആറു കിലോമീറ്ററിലധികം ലാഭിക്കുകയും ചെയ്യാം. മണ്ണടിയിലുള്ളവർക്ക് കൊട്ടാരക്കരയിലും കൊല്ലത്തുമെത്താനും പാലം എളുപ്പവഴിയാകും.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എം പി, പ്രാദേശിക ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.