ഡോ ക്ടർ റുവൈസിന്റെ അറസ്റ്റ് പ്രദേശവാസികൾക്ക് അവിശ്വസനീയം
1376901
Saturday, December 9, 2023 12:39 AM IST
കരുനാഗപ്പള്ളി : തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹാന മരണപ്പെട്ട സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്റെ അറസ്റ്റ് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. കരുനാഗപ്പള്ളി, കോഴിക്കോട് ഇടയിലവീട്ടിൽ റുവൈസ് (27)എന്ന യുവാവ് പഠനത്തിൽ മിടുക്കനായിരുന്നു. എംബിബിഎസിന് മികച്ച റാങ്ക് ലഭിച്ചാണ് അഡ്മിഷൻ ലഭിച്ചത്.
പി ജി വിദ്യാർഥിയായിരിക്കെ ഡോ .വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രതിഷേധങ്ങൾക്ക് മുന്നിൽ നിന്ന് ശക്തമായി പ്രതികരിച്ച റുവൈസിനെ എല്ലാവരും ഇപ്പോഴും ഓർക്കുന്നു. പ്രദേശത്തും സുഹൃത്തുക്കളോടുമെല്ലാം നല്ല രീതിയിലുള്ള പെരുമാറ്റവും ഇടപെടലുകളും മാത്രമാണ് റുവൈസിന്റെഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. എന്നാൽ ഇത്രയും ദാരുണമായ ഒരു സംഭവത്തിൽ പ്രതിയാക്കപ്പെടുമെന്ന് നാട്ടുകാർ വിശ്വസിച്ചിരുന്നതേയില്ല.
കഴിഞ്ഞദിവസം പുലർച്ചെ മെഡിക്കൽ കോളജ് പോലീസ് കരുനാഗപ്പള്ളി പോലീസിന്റെ സഹായത്തോടെ റുവൈസിനെ കോഴിക്കോട്ടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത വിവരം നേരം പുലർന്ന് ദൃശ്യമാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ് നാട്ടിൽ അറിയുന്നത്.
സംഭവം അറിഞ്ഞ മാധ്യമപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ വീടിന് സമീപത്തേക്ക് എത്തി വീട് ഏതാണ്ട് അടച്ചിട്ട നിലയിലാണ്. റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദ് ഏറെക്കാലം പ്രവാസി ആയിരുന്നു. തുടർന്ന് നാട്ടിലെത്തി കരാർ പണികൾ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ഇവരുടെ കുടുംബത്തിന് മികച്ച സാമ്പത്തിക ഭദ്രത ആണുള്ളത്. എന്നിട്ടും ഇത്തരം ഒരു സംഭവത്തിന്റെ ഭാഗമായത് എങ്ങനെയെന്ന് ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല. റഷീദും നാട്ടുകാരുമായി നല്ല സുഹൃത്ത് ബന്ധത്തിലാണ്.
റുവൈസിന്റെ സഹോദരി ആലിയയും രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്. അബ്ദുൽ റഷീദും ഭാര്യ ആരിഫയും ആണ് ഇപ്പോൾ വീട്ടിൽ താമസിച്ചു വന്നിരുന്നത്. റുവൈസ് തിരുവനന്തപുരത്ത് നിന്നും ഇടയ്ക്കിടെ വീട്ടിൽ വന്നു പോകും. അപ്പോഴെല്ലാം നാട്ടിലെ പഴയ സുഹൃത്തുക്കളുമായും നാട്ടുകാരുമായും നല്ല ബന്ധമാണ് പുലർത്തിയിരുന്നത്.