കിടപ്പുരോ ഗികൾക്കായുള്ള സാന്ത്വന ശബ്ദം എഫ്എം റേഡിയോ ഉദ്ഘാടനം നാളെ
1376897
Saturday, December 9, 2023 12:39 AM IST
കൊല്ലം: കിടപ്പുരോഗികൾക്കായി കൊല്ലത്തെ പെയിൻ ആന്റ് പാലിയേറ്റ് കെയർ ട്രസ്റ്റ് ആരംഭിക്കുന്ന റേഡിയോ സാന്ത്വനത്തിന്റെ(94 എഫ്എം ) ഉദ്ഘാടനം നാളെ നടക്കും.
തേവള്ളിയിലെ ജില്ലാ പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം നിർവഹിക്കും.
മേയർ പ്രസന്ന ഏണസ്റ്റ്, എംഎൽഎമാരായ എം. നൗഷാദ്, ഡോ.സുജിത് വിജയൻ പിള്ള, മുൻ മന്ത്രി സി.വി.പദ്മരാജൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ലയൺസ് സർവീസ് ഫൗണ്ടേഷൻ കൊല്ലം ചെയർമാൻ ജോൺ ജി. കൊട്ടറ, പോർട്ട് പള്ളി ഇടവക വികാരി ഫാ.ഡോ. ജാക്സൺ ജയിംസ് തുടങ്ങിയവർ പ്രസംഗിക്കും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ തെർമാലിറ്റിക്സ് ടെക്നോളജിയുടെ പിൻബലത്തോടെയുള്ള ഉപകരണത്തിന്റെ ഉദ്ഘാടനവും സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനവും നടക്കും.കൊല്ലത്ത് കഴിഞ്ഞ 17 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പെയിൻ ആന്റ് പാലിയേറ്റിവ് കെയർ ട്രസ്റ്റ്. ഇതിന് കീഴിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി 13 ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു.
നിലവിൽ പതിനായിരത്തോളം രോഗികളുടെ രജിസ്ട്രേഷൻ ഉണ്ട്. ഇതിൽ 90 ശതമാനം പേരും കാൻസർ രോഗികളാണ്. അതിൽ തന്നെ 40 ശതമാനം പേർ കിടപ്പ് രോഗികളുമാണ്.
സന്നദ്ധ സേവന പ്രവർത്തകരും ഡോക്ടർമാരും മെഡിക്കൽ - പാരാമെഡിക്കൽ സ്റ്റാഫുകളും 400 വോളണ്ടി യർമാരും നാല് ആംബുലൻസും രോഗീ പരിചരണത്തിന് സൗജന്യ സേവനമാണ് നടത്തുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ രോഗീപരിചരണ ഏകീകരണത്തിനും മെഡിക്കൽ സഹായം അതിവേഗം എത്തിക്കുന്നതിനും വിനോദ വിജ്ഞാന പരിപാടികൾക്കുമായാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് സാന്ത്വനം 90.4 എഫ്എം എന്ന കമ്യൂണിറ്റി റേഡിയോ സ്റ്റേഷൻ അനുവദിച്ചത്.
തിരുമുല്ലവാരത്തെ ലയൺസ് സെന്റർ ബിൽഡിംഗിലാണ് സ്റ്റേഷന്റെ പ്രവർത്തനം. അതിനൂതന സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായി 24 മണിക്കൂറും ഇടതടവില്ലാതെയുള്ള പ്രക്ഷേപണമാണ് ലക്ഷ്യമിടുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള, കാർഷിക വ്യാവസായിക മേഖലകളിൽ ഉണർവ് പകരുന്ന , സ്ത്രീകൾക്കും കുട്ടികൾക്കും യുവതലമുറയ്ക്കും അനുയോജ്യമായ നിരവധി പരിപാടികൾ റേഡിയോ പ്രക്ഷേപണം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.ട്രസ്റ്റ് സിഇഒ എൻ.എം. പിള്ള, ചെയർമാൻ ഡോ. കമലാസനൻ, വൈസ് ചെയർമാൻ ഡോ.സി.എസ്.ചിത്ര, റേഡിയോ ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. ലക്ഷ്മി, പിആർഒ ആർ. ലക്ഷ്മി നാരായൺ പൈ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.