യാത്രക്കാരില്ല: പുനലൂർ വഴിയുള്ള ശബരിമല സ്പെഷൽ റദ്ദാക്കി
1376574
Thursday, December 7, 2023 11:52 PM IST
കൊല്ലം: മണ്ഡലകാലം പ്രമാണിച്ച് ശബരിമല സ്പെഷലായി ആരംഭിച്ച എറണാകുളം-കാരക്കുടി എക്സ്പ്രസ് സർവീസ് റെയിൽവേ റദ്ദാക്കി.
പ്രതീക്ഷിച്ചത്ര യാത്രക്കാരില്ലാത്തതാണ് കാരണം. പകരം കൂടുതൽ യാത്രക്കാരെത്തും വിധത്തിൽ പുതിയ സർവീസ് ആരംഭിച്ചിട്ടുമില്ല.വ്യാഴാഴ്ചകളിലായി നവംബർ 30 മുതൽ ഡിസംബർ 28 വരെ എല്ലാ വ്യാഴാഴ്ചകളിലുമാണ് സർവീസ് പ്രഖ്യാപിച്ചിരുന്നത്.
മുഖ്യമായും തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകരെ ലക്ഷ്യമിട്ടായിരുന്നു സർവീസ്. രാത്രി 11.30-ന് കാരക്കുടിയിൽനിന്നു പുറപ്പെടുന്ന വണ്ടിയിൽ തീർഥാടകർക്ക് പിറ്റേദിവസം പുലർച്ചെ 6.50-ന് പുനലൂരിൽ എത്താം. ഇവിടെനിന്നു കെഎസ്ആർടിസി ബസിൽ ശബരിമലയ്ക്ക് പോകുകയും ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്.
എന്നാൽ ആദ്യ സർവീസിൽതന്നെ പ്രതീക്ഷിച്ച യാത്രക്കാർ എത്താതിരുന്നതിനാൽ ബാക്കിയുള്ള സർവീസുകൾ റദ്ദാക്കുകയായിരുന്നു.ഇതേസമയം കാരക്കുടിക്കു പകരം ചെന്നൈയിൽനിന്നോ മറ്റു പ്രധാന നഗരങ്ങളിൽനിന്നോ സർവീസ് നടത്തിയാലേ തീർഥാടകർക്ക് പ്രയോജനം ലഭിക്കുകയുള്ളൂവെന്ന് കൊല്ലം-ചെങ്കോട്ട പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കൊച്ചുവേളിയിൽനിന്നു പുനലൂർ, ചെങ്കോട്ട, മധുര, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, കുംഭകോണം, മയിലാടുതുറൈ, ചിദംബരം, വില്ലുപുരം വഴി താംബരത്തേക്ക് സർവീസ് ആരംഭിച്ചാൽ അനവധി ഭക്തർക്ക് പ്രയോജനപ്പെടും. കഴിഞ്ഞ മണ്ഡലകാലത്ത് എറണാകുളത്തുനിന്നു താംബരത്തേക്ക് നടത്തിയ സ്പെഷൽ സർവീസ് വൻ വിജയമായിരുന്നെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു
ചെന്നൈയിൽനിന്നു പുലർച്ചെ 5.55-ന് പുനലൂരിലേയ്ക്ക് വരുന്ന ക്വയിലോൺ മെയിലിൽ നൂറുകണക്കിന് തീർഥാടകരാണ് എത്തുന്നത്. ഇവർക്കായി റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് പമ്പയ്ക്കും എരുമേലിക്കും നേരിട്ട് ബസ് സർവീസുകളും നടത്തുന്നു.
നിലവിൽ മയിലാടുതു റൈയിൽനിന്നു ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിക്കുന്ന എക്സ്പ്രസ് കൊല്ലംവരെ നീട്ടിയാലും യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. രാത്രി 12-ന് മയിലാടുെറയിൽനിന്നു പുറപ്പെട്ട് രാവിലെ 7.05-ന് ചെങ്കോട്ടയിലെത്തുന്ന ഈ വണ്ടിയുടെ റേക്ക് ഒൻപതുമണിക്കൂർ ചെങ്കോട്ടയിൽ വെറുതേകിടക്കുകയാണ്.
സർവീസ് കൊല്ലത്തേക്ക് നീട്ടിയാൽ ഈ സമയം പ്രയോജനപ്പെടുത്താനാകും. ഇത് തമിഴ്നാട്ടിലെ തഞ്ചാവൂർ, കുംഭകോണം, മയിലാടുതുറൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ദക്ഷിണകേരളത്തിൽനിന്നുള്ള ആദ്യ സർവീസുമാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.