ചൂരാങ്ങൽ ആറ് മണ്ണിട്ടു നികത്തി; വീടുകളിൽ വെള്ളം കയറി
1376572
Thursday, December 7, 2023 11:52 PM IST
കൊട്ടിയം: ദേശീയപാത പുനർനിർമാണത്തിന്റെ ഭാഗമായി ബൈപാസ് റോഡിൽ ചൂരാങ്ങൽ ആറ്റിന് കുറുകെയുള്ള രണ്ട് പാലങ്ങൾക്കു സമീപംമണ്ണിട്ട് മൂടിയതും, ആറ്റിൽ കുളവാഴ കയറിയതും ചൂരാങ്ങൽ പാലത്തിന് സമീപം പെരുങ്കുളം നഗറിലെ ഇരുപതിൽപ്പരം വീടുകളിലും സാരഥി പാലത്തിന് സമീപത്തെ വീടുകളിലും വെള്ളം കയറുവാൻ ഇടയാക്കി.
വീടുകളിലെ സെപ്റ്റിക് ടാങ്കുകളിൽ വെള്ളം നിറഞ്ഞ് മലിനജലം കിണറുകളിലും നിറഞ്ഞതോടെ പ്രദേശത്ത് ജനജീവിതം ദുരിതത്തിലായി.ആറ്റിലെ ദുർഗന്ധം വമിക്കുന്ന മലിനജലമാണ് വീടുകളിൽ കയറിയത്.
സംഭവമറിഞ്ഞെത്തിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, കോൺഗ്രസ് നേതാക്കളായ കടകംപള്ളി മനോജ്, മണികണ്ഠൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ശ്യാം മോഹൻ, ലിജു എന്നിവരുടെ നേതൃത്വത്തിൽ വെള്ളം കയറിയ വീടുകളിലെ വീട്ടമ്മമാരും കുട്ടികളും കോർപ്പറേഷന്റെ വടക്കേവിള മേഖലാ ഓഫീസിലേക്ക് തള്ളിക്കയറി സൂപ്രണ്ടിനെ ഉപരോധിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പോലീസിന്റെ സാന്നിധ്യത്തിൽ സൂപ്രണ്ട് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും കോർപറേഷൻ അധികൃതർ പ്രതിഷേധക്കാരൊടൊപ്പം സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്താമെന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു.
തുടർന്ന് കോർപ്പറേഷൻ സൂപ്രണ്ട് വിനോദ് ചന്ദ്ര, മേജർഇറിഗേഷൻ അസി.എക്സിക്യൂട്ടീവ് എൻജിനിയർ അൻസാരി, അസി.എൻജിനിയർ ശ്രീനാഥ് എന്നിവർ സ്ഥലത്തെത്തുകയും വെള്ളം കയറിയ സ്ഥലം സന്ദർശിക്കുകയും ചെയ്തു.
സ്ഥലം സന്ദർശിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാനായി മടങ്ങിയ സംഘത്തെ നാട്ടുകാർ തടഞ്ഞു.രണ്ടു മണിക്കൂറിന് ശേഷം പാലം പണിക്കായി മണ്ണിട്ട് മൂടിയ ഭാഗം ഇന്നു തന്നെ തുറന്നുകൊടുക്കുവാൻ ഹൈവേ അഥോറിറ്റിക്ക് കത്തു നൽകുകയും, ആറ്റിലെ കുളവാഴ നീക്കുന്നതിനായി തിങ്കളാഴ്ചകരാറുകാരുടെ യോഗം വിളിച്ച് കുളവാഴ അടിയന്തിരമായി നീക്കം ചെയ്യുവാനും തീരുമാനമായതോടെയാണ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിട്ടയച്ചത്.
ബൈപാസ് റോഡിൽ രണ്ട് വലിയപാലങ്ങൾ നിർമിക്കുന്നതിനായാണ് ചൂരാങ്ങൽ ആറ് മണ്ണിട്ട് നികത്തിയത്.
പെരുങ്കുളം നഗർ 69 മുതൽ 89 വരെയുള്ള വീടുകളിലാണ് വെള്ളം കയറിയത്. ഈ വീടുകളിൽ ഓട്ടിസം ബാധിച്ചവരും കിടപ്പു രോഗികളും, പോളിയോ ബാധിച്ചവരുമുണ്ട്.
കണ്ണൻ,ദേവരാജൻ, വസന്ത, ഉഷ, ശ്രുതി, ഉഷ, സരസ്വതി, ബുഷ്റ, ഉഷ, നസീമ, സുഹർ ഖാൻ, ബിന്നി, ബിന്ദു, ലളിത, സിന്ധു എന്നിവരുടെ വീടുകളിലാണ് വെള്ളം കൂടുതലായി കയറിയത്