ജില്ലയില്‍ മഴ മുന്നറിയിപ്പ് ; ജാഗ്രത പാലിക്കണം: കളക്ടര്‍
1339781
Sunday, October 1, 2023 11:08 PM IST
കൊല്ലം കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചു.
തീരപ്രദേശത്തു നിന്നും ഇന്നുകൂടി മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലുളള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും മരങ്ങള്‍ നില്ക്കുന്നസ്ഥലത്തിന്റെ കൈവശക്കാരായ സര്‍ക്കാര്‍ വകുപ്പുകളും അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
കെട്ടിടങ്ങളുടെ മുകളിലും റോഡുകള്‍ക്കിരുവശവും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതിന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ആശുപത്രികളില്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കേണ്ടത് വൈദ്യുതി വകുപ്പിന്റെ ഉത്തരവാദിത്തമാണ്.
ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലെയും കണ്ട്രോള് റൂമുകള്‍ ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളില്‍ സുസജ്ജമായി പ്രവര്‍ത്തിപ്പിക്കുവാന്‍ എല്ലാ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി.
ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കണം.എല്ലാ വിധത്തിലുമുള്ള ഖനന പ്രവര്‍ത്തനങ്ങളും ഓറഞ്ച് അലര്‍ട്ടുള്ള ദിവസങ്ങളില്‍ നിരോധിച്ചു. നദീതീരങ്ങളിലും പാലങ്ങളിലും വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലും കൂട്ടം കൂടി നില്ക്കുന്നതും, വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചു.
ജില്ലയില്‍ നിലവിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറായാല്‍ പകരം സംവിധാനം ബി എസ് എന്‍ എല്‍ ഒരുക്കണം. ജില്ലയിലെ മലയോരമേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഓറഞ്ച് അലര്‍ട്ടുള്ള തീയതികളില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴുവരെ നിയന്ത്രിക്കണം. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ മേഖലയിലൂടെ യാത്ര അനുവദിക്കില്ല.
അവധി ദിവസങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ സ്റ്റേഷന്‍പരിധി വിട്ടുപോകുവാന്‍ പാടുള്ളതല്ല.പൊതുജനങ്ങള്‍ പരമാവധി വീടിനുളളില്‍ തന്നെ കഴിയണം. പ്രളയ മേഖലയിലും, മണ്ണിടിച്ചില്‍ മേഖലയിലുമുളളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുകയും വേണം. ബീച്ചുകളില്‍ ഇറങ്ങാനും പാടില്ല. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
അടിയന്തര സഹായത്തിനായി 1077 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.