കൊല്ലം: കോർപറേഷനിലെ വീടുകളിൽ ജൈവ മാലിന്യ സംസ്കരണത്തിന് ബയോ ബിന്നുകളും ബയോഗ്യാസ് പ്ലാന്റുകളും റിംഗ് കമ്പോസ്റ്റ് എന്നിവ നൽകി ജൈവമാലിന്യ സംസ്കരണത്തിനും ശേഖരണത്തിനും ഹരിതകർമ സേനാംഗങ്ങളെയും ഉൾപ്പെടുത്തി അഴകാർന്ന കൊല്ലം ജനപങ്കാളിത്തത്തോടെ എന്ന പദ്ധതിയിലൂടെ കോർപറേഷൻ സമ്പൂർണ ഖരമാലിന്യ ശുചിത്വ പദവി കൈവരിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇന്നുമുതൽ നവംബർ ഒന്ന് വരെ നടക്കുന്ന പ്രവർത്തനങ്ങളുടെ മുന്നോടിയായി കഴിഞ്ഞ ദിവസം വിളംബര റാലി സംഘടിപ്പിച്ചു. മേയർ പ്രസന്നാ ഏണസ്റ്റ് റാലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർകൊല്ലം മധു, ചെയർമാൻമാരായ ഗീതാകുമാരി, എസ്.ജയൻ, യു.പവിത്ര, ജി. ഉദയകുമാർ, ഹണി, എ.കെ.സവാദ്, സവിതാദേവി, കൗൺസിലർമാർ കോർപറേഷൻ സെക്രട്ടറി അനു.
ആർ.എസ്, നഗരസഭ കീൽ സിറ്റി മാനേജർ പ്രമോദ്, എ.എസ്. ഹെൽത്ത് ഇൻസ്പെക്ടർമാർ, ഐആർടിസി ഉദ്യോഗസ്ഥർ, ഹരിതകർമ സേനാഗംങ്ങൾ, എസ്എൻ എസ്.എൻ വനിത കോളജ് എന്നീ കോളജുകളിലെ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഞ്ചയ പദ്ധതിയിലുൾപ്പെടുത്തി മാലിന്യ സംസ്കരണത്തിന് ബയോ ബിന്നുകൾ, ബയോഗ്യാസ് പ്ലാന്റ്, കിച്ചൻ കമ്പോസ്റ്റ് യൂണിറ്റ് എന്നിവ ഏകോപിപ്പിച്ച് മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് നാല് കോടി 75 ലക്ഷം രൂപ പദ്ധതിരേഖയിൽ വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് കുരീപ്പുഴയിലെ 12 എംഎൽഡി ശേഷിയുള്ള എസ് റ്റിപി നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്.
കൂടാതെ അഷ്ടമുടികായലിലേക്കുള്ള എല്ലാ വീടുകളിലേയും ഔട്ട് ലെറ്റുകൾ നീക്കം ചെയ്ത് ബിപിഎൽ കുടുംബങ്ങൾക്ക് ബയോ ഡൈജസ്റ്റർ ടോയിലറ്റ് സൗജന്യമായി നൽകുന്നതിനും വിവിധ ഔട്ട് ലെകളിൽ എസ്റ്റിപി സ്ഥാപിച്ച് ജലാശയത്തെ മാലിന്യ മുക്തമാക്കുന്നതിനും അഞ്ച് കോടി രൂപയും വകയിരുത്തി.
അഴകാർന്ന കൊല്ലം ജനപങ്കാളിത്തത്തോടെ എന്ന പദ്ധതി നാളെ രാവിലെ ഒമ്പതിന് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും.
ഇന്നു മുതൽ ഡിവിഷൻ തലങ്ങളിൽ സാനിട്ടേഷൻ കമ്മറ്റിയുടെ നേത്വത്തിൽഏകോപിപ്പിക്കുന്നതിനും ജൈവമാലിന്യം ഫലപ്രദമായ രീതിയിൽ സംസ്കരിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
അജൈവമാലിന്യങ്ങൾ സംസ്കരിക്കാനുള്ള നൂതന സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനും ഹരിത കർമസേനയുടെ പ്രവർത്തനം പരമാവധി വിനിയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായ തോതിൽ നിർമാർജനം ചെയ്യുന്നതിനും യൂസർ ഫീ ഇനത്തിലുള്ള പിരിവ് 100 ശതമാനം കൈവരിക്കുന്നതിനും ബയോബിന്നുകൾ, ബയോകമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവയുടെ വിതരണം പരമാവധി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും പ്രവർത്തിക്കാത്ത സ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി മേയർ അറിയിച്ചു.