റോഡിന്റെ നിർമാണ പിഴവ് ; സ്കൂളിലെ ക്ലാസ് മുറികളിൽ വെള്ളം കയറി
1339524
Sunday, October 1, 2023 12:59 AM IST
കുളത്തൂപ്പുഴ : കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന നൂറുകണക്കിന് കുരുന്നു വിദ്യാർഥികൾ പഠിക്കുന്ന ഡാലി എൽ പി സ്കൂളിൽ മലയോര ഹൈവേ റോഡ് നിർമാണത്തിലെ അപാകത മൂലം മൂന്നുദിവസമായി പെയ്യുന്ന മഴവെള്ളം റോഡിൽനിന്ന് ക്ലാസ് റൂമിലേക്ക് ഒഴുകിയെത്തുന്നു.
ഇതുമൂലം വിദ്യാർഥികളും അധ്യാപകരും പരിഭ്രാന്തിയിലാണ്. വിദ്യാർഥികളെ അധ്യാപകർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. വെള്ളം ഒഴുകി പോകുവാൻ വഴിയില്ലാതെ റോഡ് ഉയർന്നുനിൽക്കുന്നതാണ്് സ്കൂൾ കോന്പൗണ്ടിലും ക്ലാസ് റൂമിലും വെള്ളംകയറാൻ ഇടയാക്കുന്നത്.
റോഡ്പണിതുടങ്ങിയപ്പോൾ മുതൽ നാട്ടുകാരും രക്ഷകർത്താക്കളും റോഡിലെ വെള്ളം ഒഴുകി പോകുവാൻ ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതൊന്നും കേൾക്കാതെയാണ് റോഡ് നിർമിച്ചത്. ഈ നിർമാണപിഴവുമൂലം ശക്തമായ മഴ സമയങ്ങളിൽ സ്കൂളിന്റെ പ്രവർത്തനം തടസപ്പെടുന്നു.
ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പിടിഎ കമ്മറ്റിയും നാട്ടുകാരും വകുപ്പ് മന്ത്രിക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ്