മാലിന്യം ഏരൂരില്‍: പ്രത്യാഘാതം അലയമണ്ണില്‍
1339275
Friday, September 29, 2023 11:35 PM IST
അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ നീരാട്ടുതടത്തില് അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന പന്നിഫാമില്‍ കുന്നുകൂടിയ ഇറച്ചി മാലിന്യങ്ങള്‍ അഴുകി നീരൊഴുക്ക് ഏറെയുള്ള തോട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ ഇനിയും നടപടിയില്ല. ഇതോടെ പൊറുതിമുട്ടിയിരിക്കുന്നത് തൊട്ടടുത്ത പഞ്ചായത്തായ അലയമണ്ണിലെ കടവറം, പുഞ്ചക്കോണം പ്രദേശത്തുള്ള നിരവധി കുടുംബങ്ങളാണ്. സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലൂടെ മാലിന്യങ്ങള്‍ ഒഴുകി എത്തുന്നത് മൂലം പ്രദേശമാകെ കടുത്ത ദുര്‍ഗന്ധമാണിപ്പോള്‍.
തോടിനു സമീപത്തെ കിണറുകളില്‍ നിന്നും വെള്ളം എടുക്കാന്‍ കഴിയുന്നില്ല. ആഹാരം കഴിക്കാനോ കുളിക്കാനോ, തുണി അലക്കാനോ കഴിയാത്ത അവസ്ഥ. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ചൊറിച്ചിലും ശാരീരിക അസ്വസ്ഥതയും. കന്നുകാലികളെ പോലും തോട്ടിലേക്ക് ഇറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുയാണ് കടവറം പുഞ്ചക്കോണം പ്രദേശവാസികള്‍. ഇതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രദേശവാസിയായ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. തോട്ടിലൂടെ മാലിന്യം ഒഴുകുന്നത് തടഞ്ഞ് ശക്തമായ ഇടപെടീല്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ്, മുന്‍ വൈസ് പ്രസിഡന് എം മുരളി അടക്കമുള്ളവര്‍ പറഞ്ഞു.
ആരോഗ്യ വകുപ്പ് അധികൃതര്‍ അടക്കം സ്ഥലത്ത് എത്തി ക്ലോറിനേഷന് അടക്കമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷെ മഴകൂടി പെയ്യുന്ന സാഹചര്യത്തില്‍ ഇതൊന്നും ഫലപ്രദമാകില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പുള്ളത്.
ഏരൂരില്‍ കുന്നുകൂടിയ ടണ്‍ കണക്കിന് ഇറച്ചി മാലിന്യം ഗുരുതരമായ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് ഉള്ളപ്പോഴും ഇത് എങ്ങനെ സംസ്കരിക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുമ്പോഴാണ് തൊട്ടടുത്ത പഞ്ചായത്തിലുള്ള ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.
പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ കൂടിയാലോചനകള്‍ക്ക് ശേഷം ഏരൂര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രതിഷേധം ഉള്‍പ്പടെ നടത്താനുള്ള നീക്കത്തിലാണ് നാട്ടുകാര്‍