സ്കൂൾ വളപ്പിൽ കൽപവൃക്ഷം നട്ട് സിപിഎം ജാഥയുടെ ഹരിതസന്ദേശം
1339049
Thursday, September 28, 2023 11:23 PM IST
കൊട്ടാരക്കര: സർക്കാർ സ്കൂൾ വളപ്പിൽ കല്പവൃക്ഷം നട്ട് സിപിഎം ജാഥയുടെ ഹരിതസന്ദേശം. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സിപിഎം കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ കാൽനട പ്രചരണജാഥ ഇന്നലെ തേവലപ്പുറം ലോക്കൽ കമ്മിറ്റിയിലെത്തിയപ്പോഴാണ് നാളെയുടെ പ്രതീക്ഷകൾ ചേർത്തുവച്ചുകൊണ്ട് കല്പവൃക്ഷം നട്ടത്.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തേവലപ്പുറം വില്ലേജ് കമ്മിറ്റിയാണ് ജാഥയുടെ സ്വീകരണ പരിപാടിയുടെ ഭാഗമായി ആനക്കോട്ടൂർ ഗവ.എൽപി സ്കൂൾ വളപ്പിൽ തെങ്ങിൻതൈ നടാൻ സൗകര്യമൊരുക്കിയത്. കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറികൂടിയായ ജാഥാ കാപ്ടൻ പി.എ.എബ്രഹാം തെങ്ങിൻ തൈ നട്ടുനനച്ചു.
കല്പവൃക്ഷത്തിന് ആഗ്രഹങ്ങൾ സഫലമാക്കുന്ന വൃക്ഷമെന്നുകൂടി അർഥമുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് അവസാനമുണ്ടാക്കി സുരക്ഷിത ജീവിതത്തിനും നല്ല നാളേയ്ക്കും അവസരമൊരുങ്ങുമെന്നും പി.എ.എബ്രഹാം പറഞ്ഞു.
സിപിഎം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ, കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മിറ്റി സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ, പ്രസിഡന്റ് ആർ.ശിവകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ബി.അനിൽകുമാർ, ബി.എസ്.ഗോപകുമാർ, സ്കൂൾ പ്രഥമാധ്യാപിക ബി.എസ്.ശോഭ, ആർ.രാജേന്ദ്രൻ, ഡി.മണി, പി.ബാലൻ, ബൈജു കൊച്ചനി എന്നിവർ പങ്കെടുത്തു.