ഇരുതലമൂരിയുമായി യുവാവ് പിടിയില്‍
1339036
Thursday, September 28, 2023 11:17 PM IST
അഞ്ചല്‍ : ഇരുതലമൂരിയെ വില്ക്കാന് ശ്രമിക്കുന്നതിനിടെ യുവാവ് വനപാലകരുടെ പിടിയിലായി. നിലമേൽ തട്ടത്ത്മല സ്വദേശി വിഷ്ണു (28) ആണ് പിടിയിലായത്.
വിഷ്ണുനൊപ്പം ഉണ്ടായിരുന്ന നിലമേൽ കണ്ണംകോട് സ്വദേശി സിദ്ധീഖ് വനപാലകരെ കണ്ടു ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായി വിഷ്ണുവും ഒളിവിൽ പോയ സിദ്ദിക്കും ചേർന്ന് ഇരുതലമുരിയെ ആവശ്യകാർക്ക് കൈമാറാൻ വേണ്ടി കാത്തുനിൽക്കവേയാണ് പിടിയിലാകുന്നത്. 147 സെന്റിമീറ്റർ നീളവും നാലു കിലോയോളം തൂക്കുമുള്ള ഇരുതല മൂരിയ്ക്ക് വിപണിയിൽ ഒരു കോടി രൂപ വില പറഞ്ഞാണ് പ്രതികള്‍ വില്പനക്കായി എത്തിച്ചത്.
അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റ്റി.എസ് സജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണു പിടിയിലായത്. പ്രതികള്‍ ഇരുതലമൂരിയുമായി എത്തിയ സ്കൂട്ടറും വനപാലകര്‍ പിടികൂടി.
ഒളിവില്‍ പോയ സിദ്ദീഖിനായി അന്വേഷണം ആരംഭിച്ചതായി അഞ്ചല്‍ റേഞ്ച് ഓഫീസര്‍ അറിയിച്ചു. ഇരുതലമൂരിയെ എവിടെ നിന്നും കൊണ്ടുവന്നു ആര്‍ക്ക് വേണ്ടി എത്തിച്ചു എന്നതടക്കം അന്വേഷിച്ചു വരികയാണന്നും വനപാലകര്‍ പറഞ്ഞു.