എം. സുന്ദരേശൻ പിള്ള; തന്റേടിയായ നേതാവ്; കരുണാകരന്റെ പ്രിയ ശിഷ്യൻ
1338287
Monday, September 25, 2023 10:59 PM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : എടുത്ത തീരുമാനത്തിൽ ഉറച്ചു നില്ക്കുന്ന, തന്റേടത്തോടെ ഏതു പ്രശ്നത്തെയും നേരിട്ടുന്ന ശക്തനായ നേതാവായിരുന്നു ഇന്നലെ അന്തരിച്ച എം. സുന്ദരേശൻപിള്ള. ലീഡർ കെ.കരുണാകരന്റെ പ്രിയശിഷ്യരിൽ പ്രധാനിയുമായിരുന്നു. രാഷ്ട്രീയക്കാരനും ഭരണാധികാരിയുമൊക്കെ ആയിരിക്കുമ്പോഴും കായിക രംഗത്തെ അദ്ദേഹം നെഞ്ചോട് ചേർത്ത് വച്ചിരുന്നു.
കെ എസ് യു, യുത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കായിക താരവുമായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പരിശീലകനായി ദീർഘകാലം പ്രവർത്തിച്ചു. കായിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം വളരെയേറെ ശ്രദ്ധ ചെലുത്തുകയും താല്പര്യമെടുക്കുകയും ചെയ്തിരുന്നു. 1980 കളിൽ ചാത്തന്നൂർ എൻ എസ് എസ് സ്കൂൾ ഗ്രൗണ്ട് ഉപയോഗിച്ച് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ റൂറൽ സ്പോർട്സ് കോച്ചിംഗ് സെന്റർ ആരംഭിക്കാനും നിരവധി കായിക താരങ്ങൾക്ക് പരിശീലനം നല്കാകാനും കഴിഞ്ഞത് സ്പോർട്സ് കൗൺസിലിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം കൊണ്ടായിരുന്നു. കൊല്ലം സ്പോർട്സ് കൗൺസിലിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ലീഡർ കെ.കരുണാകരനുമായി വളരെ അടുപ്പം പുലർത്തിയിരുന്ന അന്നത്തെ യുവനേതാക്കളിലൊരാളായിരുന്നു എം.സുന്ദരേശൻ പിള്ള. നിർജീവമായിരുന്ന കോൺഗ്രസ് സേവാദളിനെ പുനരുജ്ജീവിപ്പിച്ച് സജീവമാക്കാൻ കെ.കരുണാകരൻ ചുമതലപ്പെടുത്തിയതും ഇദ്ദേഹത്തെയാണ്. കെ.കരുണാകരന്റെ മകൻ കെ.മുരളീധരൻ ചെയർമാനും എം. സുന്ദരേശൻ പിള്ള ചീഫ് ഓർഗനൈസിംഗ് സെക്രട്ടറിയുമായി ദീർഘനാൾ പ്രവർത്തിച്ചു. സേവാദൾ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്നു.
സേവാദളിനെ ചിട്ടയായി വളർത്തിയെടുക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി 1988 മുതൽ ഏഴു വർഷം ഭരണം നടത്തി ശക്തനായ ഭരണാധികാരി എന്ന ജനങ്ങളുടെ അംഗീകാരവും അദ്ദേഹം നേടിയെടുത്തു. ചാത്തന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ രൂപീകൃതമായപ്പോൾ ആദ്യത്തെ പ്രസിഡന്റായി. വർഷങ്ങളായി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു.
ദേശീയ പാത വികസന പദ്ധതി ആരംഭിച്ചപ്പോൾ തന്നെ ശക്തമായ എതിർപ്പുമായി അദ്ദേഹം രംഗത്തെത്തി. നിലവിലുണ്ടായിരുന്ന 35 മീറ്റർ വീതിയിൽ തന്നെ ദേശീയപാത വികസിപ്പിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹം ചെയർമാനായി ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും സമര പരിപാടികൾ സംഘടിപ്പിക്കുകയും നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ നിരവധി എതിർപ്പുകൾ അദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും നിലപാട് ഉറച്ചതും തന്റേടത്തോടെ നേരിടുകയും ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, എഐസിസി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒന്നര മാസം മുമ്പു നടന്ന പുനസംഘടന വരെ ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. പാർട്ടിയിൽ ഉന്നത സ്ഥാനങ്ങളും പദവികളും ഉണ്ടായിരുന്നെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് എന്നതിനുപരിയായി അധികാര സ്ഥാനങ്ങളിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിലും മൈലക്കാട്ടെ വീട്ടിലും കൊല്ലം ഡിസിസി ഓഫീസിലും പൊതുദർശനത്തിന് ശേഷം മൃതദേഹം രാത്രി വീട്ടിലെത്തിച്ചു. നൂറുകണക്കിന് പേർ ആദരാജ്ഞലി കളർപ്പിച്ചു.സംസ്കാരം ഇന്ന് രാവിലെ 10 -ന്.