ചിറ്റുമല മൺട്രോത്തുരുത്ത് റോഡ്: കാൽ നടക്കാർക്കു ഇടമില്ല
1338016
Sunday, September 24, 2023 11:13 PM IST
കുണ്ടറ: ചിറ്റുമല മൺട്രോതുരുത്ത് റോഡിലെ കാൽനടക്കാർക്ക് റോഡിന്റെ കുഴിയായി കിടക്കുന്ന ഇരുവശങ്ങളും കാട് കയറി യാത്രാ തടസം സൃഷ്ടിക്കുന്നു. കാൽനടക്കാർക്ക് റോഡില്ല. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാൽ നടക്കാരുടെ നടപ്പാത എന്ന് കരുതാവുന്ന കുഴികൾ കാടുമുടിയ നിലയിലാണ്.
നാലു വർഷം മുൻപ് റോഡ് പുനർനിർമ്മിച്ചപ്പോൾ വീതി കൂട്ടിയിരുന്നു. ഈ സമയം റോഡിന് ഉയരം കൂടിയത് കാരണം റോഡിന്റെ രണ്ടു വശങ്ങളും വൻഓടകളായി മാറിയിരുന്നു.
കാൽനട യാത്രക്കാർക്ക് സ്ഥലം ഇല്ലാതെ പോയതും ടാറിട്ട റോഡ് നിറയെ വാഹനങ്ങൾ വന്നു പൊയ്ക്കൊണ്ടിരുന്നതും കാൽനടയാത്രക്കാർക്ക് ദുരിതമായി.
റോഡിന് വീതി കൂടിയതോടെ കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ സ്ഥലമില്ലാതെ വന്നു വെന്നു മാത്രമല്ല റോഡ് നിറഞ്ഞു വന്നു കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് ഒഴിഞ്ഞു കൊടുക്കുവാൻ സ്ഥലമില്ലാതെയും വന്നുഎന്നുള്ളതും കാൽനടയാത്രക്കാരെ ദുരിതത്തിലാക്കി.
കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും വൻകുഴികൾ ആയതിനാൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരിൽ പലരും കുഴിയിൽ വീണ് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.
റോഡിന് വീതി കൂടിയപ്പോൾ മുൻപ് സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകളിൽ പലതും കോൺക്രീറ്റ് റോഡുകളിലാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഇലക്ട്രിക് പോസ്റ്റുകൾ ഇളക്കി അപകടരഹിതമായ തരത്തിൽ റോഡിന്റെ അരികിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇക്കാലമത്രയും അധികൃതർ നിരാകരിച്ച മട്ടാണ്. വകുപ്പ് അധികൃതർ റോഡ് പുനർ നിർമാണത്തിന് പിന്നാലെ റോഡിന് ഇരുവശവും കാൽനട യാത്രക്കാർക്കായി മാറ്റിയിട്ട കുഴികൾ മണ്ണിട്ട് നികത്താമെന്നും റോഡിൽ ഗതാഗതത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ സൗകര്യപ്രദമായ തരത്തിൽ റോഡിന് അരികിലേക്ക് മാറ്റി സ്ഥാപിക്കാമെന്നും കാട് മൂടി കിടക്കുന്ന നടപ്പാതകൾ വൃത്തിയാക്കാമെന്നും ഉറപ്പ് തന്നിരുന്നതാണ്.
ഇതേവരെ വാക്കു പാലിക്കാത്തതിൽനാട്ടുകാർ പ്രതിഷേധത്തിലാണ്. ചിറ്റുമലയിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറായി കൊച്ചുപ്ലാമൂട് ഇറക്കത്ത് സ്ഥിരമായി വാഹനാപകടങ്ങൾ ഈ ദുരവസ്ഥ കാരണമാണ് ഉണ്ടാകുന്നത്. ഇതിന് പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം നാട്ടുകാർ പലതവണ ഡിപ്പാർട്ട്മെന്റ് മേലധികാരികളുടെയും കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്.