കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു: മന്ത്രി
1338015
Sunday, September 24, 2023 11:13 PM IST
ചാത്തന്നൂർ: കോവിഡ് കാലത്തിന് ശേഷം കെ എസ് ആർ ടി സിയിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് മന്ത്രി ആന്റണിരാജു. കോവിഡിന് മുമ്പ് 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് കോവിഡിന് ശേഷം 25 ലക്ഷമായി കുറഞ്ഞു. എല്ലാവരും സ്വന്തമായി വാഹനങ്ങൾ വാങ്ങി സ്വന്തമായി യാത്ര ചെയ്തു തുടങ്ങി. കേരളത്തിൽ 1.69 ലക്ഷം വാഹനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാത്തന്നൂർ ഡിപ്പോയിലെ നവീകരിച്ച ഓഫീസിന്റേയും യാർഡിന്റേയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു. ഏത് വികസനപ്രവർത്തനങ്ങൾ നടത്തിയാലും എതിർക്കുന്നവർ ഉണ്ട്. ഇനിയും ഇത്തരക്കാർ ഉണ്ടാവും. അത്തരക്കാരുടെ പ്രതികരണങ്ങൾ വികസന പ്രവർത്തനങ്ങളുടെ തിളക്കം കുറയ്ക്കും.
ഇത്തരക്കാരുടെ പ്രതികരണങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.ജി എസ് .ജയലാൽ എംഎൽഎയുടെ ജനസൗഹൃദ സർക്കാർ ഓഫീസ് പദ്ധതി പ്രകാരം ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവിലാണ് നവീകരണം നടത്തിയത്. ജി.എസ്.ജയലാൽ എം എൽ എ അധ്യക്ഷനായിരുന്നു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജു, കെ എസ് ആർ ടി സി സി എം ഡി പി.എസ് പ്രമോ ജ് ശങ്കർ, വി. സണ്ണി, എസ്. പ്രശാന്ത്, ജോൺ, എക്സിക്യുട്ടീവ് ഡയറക്ടർ ജി.അനിൽകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.