നീണ്ടകരയിൽ പുതുതായി അനുവദിച്ച മദ്യശാല പ്രദേശവാസികളിൽ ആശങ്ക പരത്തുന്നു
1337605
Friday, September 22, 2023 11:19 PM IST
നീണ്ടകര : നീണ്ടകര മാമച്ചൻ തുരുത്തിൽ പുതിയതായി വന്ന മദ്യശാല പ്രവർത്തനം ആരംഭിച്ചതോടെ പരിസരവാസികളിൽ ആശങ്ക പരക്കുന്നു.
സാമൂഹ്യവിരുദ്ധരുടെ ശല്യം കഴിഞ്ഞ ദിവസങ്ങളിൽ ഈ മദ്യശാലയ്ക്ക് മുന്നിൽ ഉണ്ടായപ്പോൾ ചവറ പോലീസ് രാത്രിയിൽ ഇടപെട്ടാണ് ബാറിന്റെ ഗേറ്റ് അടച്ചു,താത്കാലിക ശമനം ഉണ്ടാക്കിയത്.
കൂടാതെ പഞ്ചായത്ത് മെമ്പർ ജോളി പീറ്ററിന്റെ നേതൃത്വത്തിൽ മദ്യശാലയ്ക്ക് മുന്നിൽ ഉപരോധവും നടന്നു. സമാധാനപരമായി മുന്നോട്ടു പോയ നീണ്ടകര മാമച്ചൻ തുരുത്ത് പ്രദേശം ഇന്ന് അശാന്തിയുടെ നിഴലിലാണ്. പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തി എക്സൈസ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചു.
നിലവിൽ നാലു സ്കൂളുകളും, ഒരു ആശുപത്രിയും, ദേവാലയങ്ങളും, ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നതാണ് നീണ്ടകര എന്ന പ്രദേശം. ഇവിടെ നിലവിൽ രണ്ട് ബാറുകളും ഒരു ബിവറേജും സ്ഥിതി ചെയ്യുന്നു.
ഹാർബർ സ്ഥിതി ചെയ്യുന്ന നീണ്ടകരയിൽ മത്സ്യത്തൊഴിലാളി സ്ത്രീകളടക്കം നിരവധി പേരാണ് പുറത്തുനിന്നു വന്ന് ജോലി ചെയ്തുപോകുന്നത്.അന്യസംസ്ഥാന തൊഴിലാലുകളും നിരവധിയാണ്. ലഹരിയുടെ ഉപയോഗം വീണ്ടും ഇവിടെ വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ ഈയൊരു ബാറിനു കൂടി അനുമതി നൽകിയ അധികാരികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി പഞ്ചായത്ത് മെമ്പർ വിവിധ പാർട്ടികളുടെ പ്രതിനിധികൾ,വിദ്യാർഥികൾ,മത്സ്യത്തൊഴിലാളികൾ ,തുടങ്ങിയവരും ഇന്നലെ നടന്ന ഉപരോധ സമരത്തിൽ ആവശ്യപ്പെട്ടത്.
സർക്കാർ ഒരു ശാശ്വത പരിഹാരം കണ്ട് തുടർനടപടികൾ സ്വീകരിച്ചു ഇവിടുത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം എന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു .