കൊല്ലം :കരവാളൂര്‍ പഞ്ചായത്തില്‍ വനംവകുപ്പ് നടപ്പാക്കുന്ന നഗരവനം പദ്ധതി പ്രദേശത്ത് വ്യൂ ടവര്‍ ഒരുക്കുന്നു. ഉയര്‍ന്ന പ്രദേശത്ത് പത്തടി ഉയരത്തില്‍ ടവര്‍ നിര്‍മിക്കുന്നതിന് കരാര്‍ നല്കി.
വ്യൂ ടവറിനു പുറമേ ശലഭോദ്യാനം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പരിസ്ഥിതി ഷോപ്പ്, സ്മൃതിവനം, നക്ഷത്രവനം, ശൗചാലയം, വിശ്രമസ്ഥലങ്ങള്‍ എന്നിവ സജ്ജമാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കേളങ്കാവിലെ 56 ഹെക്ടറില്‍ തദ്ദേശീയ വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ചാണ് നഗരവനം സൃഷ്ടിക്കുന്നത്. കാഞ്ഞിരം, എബണി, ചെങ്കുറിഞ്ഞി, നാങ്ക്, വെള്ളകില്, വെള്ളപ്പൈന്‍, ഉണ്ടപ്പൈന്‍, കുടംപുളി, കമ്പകം അടക്കമുള്ള തദ്ദേശീയ വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. രണ്ടുകോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. ആദ്യ ഗഡുവായി 1.4 കോടി രൂപ അനുവദിച്ചു. പ്രദേശവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പരിസ്ഥിതി സ്നേഹികള്‍ക്കും പ്രയോജനപ്പെടും വിധമാണ് നിര്‍മാണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.