ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പണം; പ്രചാരണം തെറ്റെന്ന് പ്രസിഡന്റ്
1301399
Friday, June 9, 2023 11:05 PM IST
അഞ്ചല്‍ : ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ വഴി എത്തുന്ന പണം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും പണം മുഴുവന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് കൊണ്ടുപോവുകയാണ് എന്ന തരത്തില്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ ഇപ്പോഴും നടക്കുന്നതായും ഇത്തരം പ്രചാരണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ഇത്തരം പ്രചാരണങ്ങള്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന പണം സര്‍ക്കാര്‍ കൊണ്ടുപോകുന്നില്ല എന്ന് മാത്രമല്ല കോടിക്കണക്കിനു രൂപ യാതൊരുവിധ ഉപാധികളും ഇല്ലാതെ ദേവസ്വം ബോര്‍ഡിനായി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
1254 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ളത്. ഇതില്‍ അമ്പതോളം ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയം പര്യാപ്തമായിട്ടുള്ളത്. ബാക്കി ആയിരത്തി ഇരുനൂറോളം ക്ഷേത്രങ്ങളെയും ആചാരങ്ങളെയും അവിടെയുള്ള ജീവനക്കാരെയും സംരക്ഷിക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയും ബാധ്യതയുമാണ്. പണം അതിനായി വിനിയോഗിക്കുന്നുവെന്നും അനന്തഗോപന്‍ വ്യക്തമാക്കി.
അഞ്ചല്‍ മാവിള ആയിരവല്ലി ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കുന്നതിനായി എത്തിയപ്പോഴാണ് അനന്തഗോപന്‍ ഇത്തരത്തില്‍ പറഞ്ഞത്.
ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ രവീന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എസ് സുപാല്‍ എംഎല്‍എ ക്ഷേത്രത്തിലെ നക്ഷത്ര വനം പദ്ധതി ഉദ്ഘാടനം ചെയ്തു. ദേവസ്വംബോര്‍ഡ് അംഗം എസ്.എസ് ജീവന്, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സജീവ്, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉണ്ണികൃഷ്ണന്, ഉപദേശകസമിതി സെക്രട്ടറി കെ രാജന് ആചാരി, സബ് ഗ്രൂപ്പ് ഓഫീസര്‍ പി.ജി വാസുദേവന്‍ ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു