‘ദലിതരെ കോണ്ഗ്രസ് നേതൃത്വം വെട്ടിനിരത്തിയതിനെതിരെ പ്രതികരിക്കണം’
1300900
Wednesday, June 7, 2023 11:45 PM IST
കൊല്ലം: കോണ്ഗ്രസ് പുനസംഘടനയില് ദലിത് വിദാഗക്കാര്ക്ക് പാര്ട്ടി നേതൃത്വം വാഗ്ദാനം ചെയ്ത പദവികള് പോലും നല്കാതെ വെട്ടിനിരത്തിയതിനെതിരെ പാര്ട്ടിക്കുള്ളില് നിന്നും പ്രതികരണമുണ്ടാകണമെന്ന് കേരള ദലിത് ഫെഡറേഷന് (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ്പി.രാമഭദ്രന് പത്രസമ്മേളനത്തില് പറഞ്ഞു.
കെപിസസി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, കെപിസിസി വര്ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില് സുരേഷ്, മുന് മന്ത്രി എ.പി.അനില് കുമാര് എന്നിവരാണ് വെട്ടിനിരത്തലിന് നേതൃത്വം നല്കിയത്. കെപിസിസി, ഡിസിസി പുനഃസംഘടനാ കമ്മിറ്റികള്ക്കും ഇതില് പങ്കുണ്ട്. പുനഃസംഘടനാ കമ്മിറ്റികളില് രമേഷ് ചെന്നിത്തലയും എം.എം.ഹസനും പന്തളം സുധാകരനുമൊക്കെ ഉണ്ടായിരുന്നുവെങ്കില് ദലിതര്ക്ക് ഈ ഗതി വരില്ലായിരുന്നു.
ജില്ലയില് മിനിമം ഒരു ബ്ലോക്ക് പ്രസിഡന്റെങ്കിലും ദലിതരില്നിന്നും വനിതകളില് നിന്നും ഉണ്ടാകുമെന്നാണ് കെപിസിസി നേതൃത്വം നേരത്തേ പ്രഖ്യാപിച്ചത്. 50 വയസിന് താഴെ പ്രായമുള്ള 50 ശതമാനം പേരും പിന്നോക്ക- മതന്യൂനപക്ഷങ്ങള്ക്കും പ്രാതിനിധ്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാല് ഇതൊന്നും പാലിക്കപ്പെട്ടില്ല. 280 ബ്ലോക്ക് പ്രസിഡന്റന്മാരില് 180 എണ്ണം ഒറ്റ പേര് പുനഃസംഘടനാസമിതി കെപിസിസി പ്രസിഡന്റിന് കൈമാറി.
അതില് തന്നെ 100 എണ്ണമാണ് തര്ക്കമായത് പാനലായിട്ടാണ് കെപിസിസി പ്രസിഡന്റിന് കൈമാറിയത്. അദ്ദേഹവും പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമാണ് അന്തിമ ലിസ്റ്റ് തയാറാക്കി പ്രഖ്യാപിച്ചത്. ദലിതരില്ലെന്ന് പറഞ്ഞ് ലിസ്റ്റ് അവര്ക്ക് മടക്കി അയയ്ക്കാമായിരുന്നു, അതുണ്ടായില്ല. 7 അംഗ പുനഃസംഘടനാ കമ്മിറ്റിയില് 2 ദലിതരുണ്ടായിരുന്നു. കെപിസിസി വര്ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില് സുരേഷും മുന് മന്ത്രി എ.പി.അനില് കുമാറും. അവരും ദലിതരെ ഒഴിവാക്കുന്നതിന് കൂട്ടുനില്ക്കുകയായിരുന്നു. 180 ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒറ്റപേരും പാനലും സമര്പ്പിച്ചത് ഡിസിസികളായിരുന്നു. ഇവരുടെയെല്ലാം ദലിത് പ്രേമം കാപട്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. കര്ണ്ണാടകത്തില് മന്ത്രിസഭ രൂപീകരിച്ചപ്പോള് ആഭ്യന്തര വകുപ്പ് ഉള്പ്പെടെ നല്കി ദലിതര്ക്ക് കോണ്ഗ്രസ് നേതൃത്വം ദലിതര്ക്ക് രാഷ്ട്രീയ അധികാരം നല്കിയപ്പോള് കേരളത്തില് കോണ്ഗ്രസില് വെട്ടിനിരുത്തുകയായിരുന്നു.
അതിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന നടപടിയാണ് കൊടിക്കുന്നില് സുരേഷും എ.പി.അനില് കുമാറും ചെയ്തത്. ഇത്തരം ദലിത് വിരുദ്ധര്ക്കെതിരെ പ്രതികരിക്കാന് കോണ്ഗ്രസില് പ്രവര്ത്തിക്കുന്ന ദലിതര് മുന്നോട്ട് വരണമെന്ന് പി.രാമഭദ്രന് അഭ്യര്ഥിച്ചു.
കെഡിഎഫ് ജില്ലാ സമ്മേളനങ്ങള് ഈ മാസം 10 ന് പാലക്കാട് നിന്നും ആരംഭിക്കും. പത്രസമ്മേളനത്തില് കെഡിഎഫ് സംസ്ഥാന പ്രവര്ത്തക സമിതിയംഗം ഐവര്കാല ദിലീപ് പങ്കെടുത്തു.