ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ വാര്‍ഡ് കൗണ്‍സിലറെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
1300891
Wednesday, June 7, 2023 11:18 PM IST
പുനലൂര്‍ : നഗരസഭയിലെ കക്കോട്ട് ബിജെപി പ്രവര്ത്തകന് സുമേഷ് (44) കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ വാര്‍ഡ് കൗണ്‍സിലര്‍ അരവിന്ദാക്ഷനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സംഘര്‍ഷത്തില്‍ വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അരവിന്ദാക്ഷനെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പുനലൂരിലെ പോലീസിനെ പിന്‍വലിക്കുകയും ചെയ്തു.
ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം പുനലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അറസ്റ്റുചെയ്തിരുന്നു. സിപിഎം പ്രതിനിധിയായ അരവിന്ദാക്ഷനു പുറമേ മറ്റു പ്രതികളും സിപിഎം പ്രവര്‍ത്തകരുമായ നിതിന്‍, സജികുമാര്‍ എന്നിവരെയും നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. മറ്റൊരു പ്രതിയും സുമേഷിന്റെ സുഹൃത്തുമായ ബിജുവിനെ പോലീസ് അന്വേഷിച്ചു വരികയാണ്.
കൊലക്കേസില്‍ പ്രതിയായ അരവിന്ദാക്ഷനെ കൗണ്‍സിലര്‍ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാര്‍ച്ച് നടത്തുമെന്ന് പുനലൂര്‍ മണ്ഡലം പ്രസിഡന്റ് ആര്.രഞ്ജിത് അറിയിച്ചു. നാളെ രാവിലെ 10 -ന് നഗരസഭാ കാര്യാലയത്തിലേക്കാണ് മാര്‍ച്ച്. സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
സംഭവം നടന്ന് ദിവസങ്ങള്‍കഴിഞ്ഞിട്ടും സിപിഎം നേതൃത്വം കൊലപാതകത്തെ അപലപിക്കാനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ തുനിയാത്തത് നേതൃത്വം അറിഞ്ഞുകൊണ്ടാണ് കൃത്യം നടത്തിയത് എന്നതിന്റെ തെളിവാണെന്ന് രഞ്ജിത് പത്രക്കുറിപ്പില്‍ ആരോപിച്ചു. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. കൊലപാതകികളെ സംരക്ഷിക്കുന്ന പോലീസ് നയത്തിനെതിരെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും രഞ്ജിത് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രി കക്കോട്ട് പബ്ലിക് ലൈബ്രറിയുടെ വാര്‍ഷികത്തിനിടെ അരവിന്ദാക്ഷന് മര്‍ദനമേറ്റതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് സുമേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ അരവിന്ദാക്ഷനും നിതിനും സജികുമാറിനും വെട്ടേല്‍ക്കുകയും സുമേഷിന് കുത്തേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സുമേഷ് മരിച്ചത്.