ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
1300632
Tuesday, June 6, 2023 11:42 PM IST
പുനലൂർ: കടശേരി ചെളിക്കുഴിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് കേരള കോൺഗ്രസ് - എം പുനലൂർ ഡിഎഫ് ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കടശേരി സംഭവത്തിലെ പ്രതിയായ ശിവദാസന്റെ സർക്കാർ ഉദ്യോഗസ്ഥനായ മകളുടെ ജോലി നഷ്ടപ്പെടുന്നവിധം വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തി കേസു ചുമത്തിയത് കുടുംബത്തോട് ചെയ്ത കടുത്ത അനീതിയാണെന്ന് പാർട്ടി ഉന്നതാധികാര സമിതിയംഗം ബെന്നി കക്കാട് പറഞ്ഞു.
ക്ഷീരകർഷക കുടുംബമായ ഇവർക്കുണ്ടായിരുന്ന 20 പശുക്കളിൽ 16 എണ്ണത്തിനെ നോക്കാൻ ആളില്ലാത്തതിനാൽ അവർക്ക് വിൽക്കേണ്ടി വന്നു. അവരുടെ വീട്ടുവളപ്പിൽ വച്ച് ഒരു പശുവിനെ പുലി കൊന്നു. വനാതിർത്തി പ്രദേശത്ത് കർഷകരെ മന:പൂർവം ദ്രോഹിക്കുന്ന വിധമാണ് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്.
ഇത് അനുവദിക്കാനാവില്ല. കടശേരി സംഭവത്തിൽ വനം വകുപ്പ് പ്രതികളാക്കിയ സ്ത്രീകളുടെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ബെന്നി കക്കാട് പറഞ്ഞു. പുനലൂർ ഡിഎഫ്ഒ ഓഫീസിനു മുന്നിൽ നടന്ന കർഷക ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തടിക്കാട് ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാലേത്ത് പ്രതാപചന്ദ്രൻ, രഞ്ജിത്ത് തോമസ്, എ. ഇക്ബാൽ കുട്ടി, സജി ജോൺ കുറ്റിയിൽ, ബിറ്റു വൃന്ദാവൻ, മാങ്കോട് ഷാജഹാൻ, വി.എം. റെക്സോൺ, എസ്.എം.ഷെരീഫ്് തുടങ്ങിയവർ പ്രസംഗിച്ചു.