കൊട്ടാരക്കരയെ പ്രധാന വിദ്യാഭ്യാസ ഹബ്ബാക്കും: കെ എന് ബാലഗോപാല്
1300415
Monday, June 5, 2023 11:34 PM IST
കൊല്ലം: സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസ ഹബ്ബുകളിലൊന്നായി കൊട്ടാരക്കരയെ മാറ്റുമെന്ന് മന്ത്രി കെ എന് ബാലഗോപാല്. ഐ എച്ച് ആര് ഡി എന്ജിനീയറിങ് കോളജിനോട് ചേര്ന്ന് ആരംഭിക്കാനിരിക്കുന്ന ആര്ട്സ് ആന്ഡ് സയന്സ് കോളജുമായി ബന്ധപ്പെട്ട് കാര്യങ്ങള് ചര്ച്ച ചെയ്യാനായി ചേര്ന്ന ആലോചന യോഗത്തില് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്റ്റാര്ട്ടപ്പുകള് പ്രോത്സാഹിപ്പിക്കുകയും വിദ്യാര്ഥികള്ക്ക് ജോലി ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതികള് നിലവില് കൊട്ടാരക്കര ഐ എച്ച് ആര് ഡി കോളജില് നടപ്പിലാക്കി വരികയാണ്. നഴ്സിങ് കോളജ് ആരംഭിക്കാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു. ഇവയ്ക്കൊപ്പം ഐ എച്ച് ആര് ഡിയെ പോലെ നിലവാരമുള്ള വിദ്യാഭ്യാസം നല്കുന്ന ഒരു സര്ക്കാര് സംവിധാനത്തിന് കീഴില് ആര്ട്സ് ആന്ഡ് സയന്സ് കോളജ് കൂടി തുടങ്ങുന്നതോടെ ജില്ലയ്ക്ക് പുറത്തു നിന്നുള്ള വിദ്യാര്ഥികള് കൂടി ഉപരിപഠനത്തിനായി കൊട്ടാരക്കരയെ ആശ്രയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ബി കോം ഫിനാന്സ്, ബി കോം കോ ഓപറേഷന്, ബി എസ് സി സൈക്കോളജി, ബി എ ജേര്ണലിസം ആന്ഡ് മാസ് കമ്യൂണിക്കേഷന് എന്നീ കോഴ്സുകളാണ് ആദ്യ ഘട്ടത്തില് ആരംഭിക്കുക. സ്വന്തം കെട്ടിടം നിര്മിക്കും വരെ എന്ജിനീയറിംഗ് കോളജ് കെട്ടിടങ്ങളില് ആയിരിക്കും ക്ലാസുകള് നടക്കുക. ലാബ് ഉള്പ്പെടെ അടിയന്തരമായി ആവശ്യമുള്ള സംവിധാനങ്ങള് ഉടന് സജ്ജീകരിക്കാനും ആലോചന യോഗത്തില് തീരുമാനിച്ചു.
കൊട്ടാരക്കര നഗരസഭാ ചെയര്മാന് എസ് ആര് രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ എ അഭിലാഷ്, ഐ എച്ച് ആര് ഡി എന്ജിനീയറിങ് കോളജ് പ്രിന്സിപ്പല് വി ഭദ്രന്, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു.
മോട്ടോര് തൊഴിലാളി ക്ഷേമനിധി
കുടിശിക അടയ്ക്കാം
കൊല്ലം: കേരള മോട്ടോര് തൊഴിലാളി ക്ഷേമനിധി പദ്ധതിയില് അംഗങ്ങളായ തൊഴിലാളികള്ക്ക് കുടിശിക അടയ്ക്കാന് അവസരം. ഒന്പത് ശതമാനം പലിശ ഉള്പ്പെടെ നിബന്ധനകള്ക്ക് വിധേയമായി കുടിശിക 30 വരെ അടയ്ക്കാമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര് അറിയിച്ചു. ഫോണ്: 0474- 2749334.