തകർന്ന തീരദേശ റോഡ് നന്നാക്കാൻ അനുമതി
1298733
Wednesday, May 31, 2023 4:01 AM IST
കൊല്ലം: മുണ്ടയ്ക്കല് വില്ലേജിലെ കടലാക്രമണത്തിൽ തകർന്ന തീരദേശ റോഡിന്റെ പ്രവൃത്തി ചെയ്യുന്നതിനായി കൊല്ലം ഇറിഗേഷന്, എക്സിക്യൂട്ടീവ് എൻജിനീയറെ ദുരന്ത നിവാരണ നിയമപ്രകാരം ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് നല്കി.
കടല് ക്ഷോഭത്തിന്റെ ആഘാതം നേരിട്ട കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റുവാന് ശ്രമിച്ചെങ്കിലും കുടുംബങ്ങള് വിസമ്മതിച്ചു. പുനര്ഗേഹം പദ്ധതിയിലുള്ള വീടുകളില് മത്സ്യ തൊഴിലാളികളുടെ ആവശ്യം അനുഭാവപൂര്വം പരിഗണിക്കുന്നതിന് കൊല്ലം ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര് ഫിഷറീസ് ഡയറക്ടര്ക്ക് ശിപാര്ശ സമര്പ്പിച്ചിട്ടുണ്ട്.കടലാക്രമണത്തില് മറിഞ്ഞു വീണ ഇലക്ട്രിക്ക് പോസ്റ്റുകള് മാറ്റി സ്ഥാപിച്ചു വൈദ്യുതി പുന:സ്ഥാപിച്ചു.
കേരളാ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകകളില് താത്ക്കാലിക ക്രമീകരണങ്ങള് ഏര്പ്പെടുത്തുകയും പ്രദേശത്ത് ജലവിതരണത്തിന് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.
പ്രദേശത്തെ ദുരന്ത സാഹചര്യങ്ങള് വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള് ഏര്പ്പെടുത്തുന്നതിനായി കൊല്ലം തഹസില്ദാരെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തി.