ഗവ. മെഡിക്കൽ കോളജിലെ 10 നില കെട്ടിടം ഉപയോഗിക്കാതെ നശിക്കുന്നു
1298720
Wednesday, May 31, 2023 3:55 AM IST
ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ കോടികൾ ചെലവാക്കി നിർമിച്ച പത്ത് നില കെട്ടിടം ഉപയോഗിക്കാനാവാതെ നശിക്കുന്നു.
ഓരോ നിലകളിലും എല്ലാവിധ സൗകര്യങ്ങളുമുള്ള നാല് ഫ്ലാറ്റുകൾ വീതമാണ്. ഓരോ ഫ്ലാറ്റിലും രണ്ട് കിടക്ക മുറികൾ, അടുക്കള, ഹാൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പത്ത് നിലകളിലായി നാല്പത് ഫ്ലാറ്റുകളാണ് ഉള്ളത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും താമസ സൗകര്യമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് ഈ നാല്പത് ഫ്ലാറ്റുകൾ അനാഥമായി കിടന്ന് നശിക്കുന്നത്.
മെഡിക്കൽ കോളേജ് ഇ എസ് ഐ കോർപറേഷന്റെ അധീനതയിലുണ്ടായിരുന്ന കാലത്താണ് ഈ പത്ത്നില കെട്ടിടം നിർമിച്ചത്. ജീവനക്കാരുടെ ക്വാർട്ടേഴ്സിനായിട്ട് തന്നെയായിരുന്നു നിർമാണം. ഇ എസ് ഐ കോർപറേഷൻ കരാർ വ്യവസ്ഥയിൽ മെഡിക്കൽ കോളേജ് സംസ്ഥാനസർക്കാരിന് വിട്ടു കൊടുക്കുകയും ചെയ്തു.
ഈ കെട്ടിടത്തിന് കല്ലുവാതുക്കൽഗ്രാമ പഞ്ചായത്ത് അംഗീകാരവും അനുമതിയും നല്കി നമ്പർ നല്കിയിട്ടില്ല. അക്കാരണത്താൽ തന്നെ വൈദ്യുതി കണക്ഷനും കിട്ടിയിട്ടില്ല. ഇത് രണ്ടും ലഭിക്കാതെ കെട്ടിടം പ്രവർത്തിപ്പിക്കാനാമാകില്ല. കെട്ടിടത്തിന് നേരിയ ചരിവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സുരക്ഷ മുൻനിർത്തിയാണ് ഗ്രാമ പഞ്ചായത്ത്അനുമതി നിഷേധിച്ചിരിക്കുന്നത്.
വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ ന്യൂനത പരിഹരിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. നിലവിലുള്ള കെട്ടിടങ്ങളിൽ ഗുരുതരമായ പ്രവൃത്തികൾ നടത്തുന്നതിന് ഇഎസ്ഐ കോർപറേഷന്റെ അനുമതി ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ അനുമതി നേടിയെടുക്കാനും ഒരു ശ്രമവും ആരംഭിച്ചിട്ടില്ല.