ഇടവാ ബഷീര് പരിഗണന ലഭിക്കാതെ പോയ കലാകാരന്: എന്.കെ. പ്രേമചന്ദ്രന് എംപി
1298401
Monday, May 29, 2023 11:30 PM IST
കൊല്ലം: ഇടവാ ബഷീറിന്റെ ഗാനമേളകള് സംഗീതാസ്വാദകര്ക്ക് എന്നും ഹരമായിരുന്നുവെന്നും ആസ്വാദകരുമായി നേരിട്ട് സംവദിച്ചിരുന്ന ബഷീറിന് അര്ഹതപ്പെട്ട പരിഗണന ലഭിച്ചില്ലെന്നും എന്.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.
ഗായകന് ഇടവാ ബഷീറിന്റെ ഒന്നാം ചരമവാര്ഷികദിനത്തിന്റെ ഭാഗമായി പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില് കൊല്ലത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും ഇടവാ ബഷീര് മ്യൂസിക്കല് ഫൗണ്ടേഷന് ഉദ്ഘാടനവും നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാനമേളയെ ജനകീയ കലാവിഭവമാക്കിയ പ്രതിഭയാണ് ഇടവാ ബഷീര്. പതിറ്റാണ്ടുകള്ക്കു മുമ്പേതന്നെ വിദേശനിര്മിതമായ അത്യാധുനിക സംഗീതോപകരണങ്ങള് ഗാനമേള വേദികളില് അവതരിപ്പിച്ച് തന്റെ മാന്ത്രികശബ്ദം കൊണ്ട് ഉത്സവപ്പറമ്പുകളെ ഇളക്കിമറിക്കാന് അദ്ദേഹത്തിന് കഴിഞ്ഞു. മരണം ദുഃഖകരമാണെങ്കിലും ഒരു കലാകാരന് ആഗ്രഹിക്കുന്ന വിടവാങ്ങലാണ് വേദിയില് വച്ച് അദ്ദേഹത്തിനുണ്ടായത്. ആ മഹാപ്രതിഭയുടെ സ്മരണ എന്നും നിലനിര്ത്തേണ്ടത് കലാകേരളത്തിന്റെ കടമയാണെന്നും എംപി കൂട്ടിച്ചേര്ത്തു. വിവിധ മേഖലകളിലെ മുതിര്ന്ന കലാകാരന്മാരെ ചടങ്ങിൽ എംപി ആദരിച്ചു.
ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില് നടപ്പാക്കുന്ന പ്രയാസമനുഭവിക്കുന്ന കലാകാരന്മാര്ക്കുള്ള പ്രതിമാസ പെന്ഷന് പദ്ധതിയുടെ ഉദ്ഘാടനം എം. നൗഷാദ് എംഎല്എ നിര്വഹിച്ചു. സോപാനം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വനിതാ കമ്മീഷന് മുന് അംഗം ഡോ. ഷാഹിദാ കമാല് അധ്യക്ഷത വഹിച്ച ചടങ്ങില് ഗാന്ധിഭവന് സെക്രട്ടറി പുനലൂര് സോമരാജന് ആമുഖപ്രസംഗം നടത്തി. എസ്. സുവര്ണകുമാര്, പ്രഫ. ജി. മോഹന്ദാസ്, എസ്. അജയകുമാര്, ആര്. പ്രകാശന്പിള്ള, എസ്. അശോക് കുമാര്, ഇ. അബ്ദുള് ജബാര്, ആനയടി പ്രസാദ് കേരളപുരം ശ്രീകുമാര്, റാണി നൗഷാദ്, എന്നിവര് പങ്കെടുത്തു. ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്രാജ്, കേരളപുരം ശ്രീകുമാര് എന്നിവർ പ്രസംഗിച്ചു. കോസ്മിക് രാജന്റെനേതൃത്വത്തില് നിരവധി ഗായകര് അവതരിപ്പിച്ച ഗാനാര്ച്ചന ഇടവാ ബഷീറിനുള്ള ആദരവായി.