പൗരധ്വനി പദ്ധതി നവ കേരളത്തിന് ശക്തി പകരും: മന്ത്രി വി. ശിവന്‍കുട്ടി
1298363
Monday, May 29, 2023 10:50 PM IST
കുണ്ടറ: ജനങ്ങളില്‍ ഭരണഘടനാമൂല്യങ്ങള്‍ വളര്‍ത്തി നവ കേരള നിര്‍മിതിക്ക് ശക്തി പകരുന്ന പദ്ധതിയാണ് പൗരധ്വനിയെന്ന് മന്ത്രി വി ശിവന്‍കുട്ടി.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേരള സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ കുണ്ടറ ഇളമ്പള്ളൂരിൽ നടന്ന പൗരധ്വനി സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സാമൂഹ്യ മാറ്റത്തിൽ എന്നാളും നിലകൊള്ളുന്ന സാക്ഷരത പ്രസ്ഥാനത്തിന്റെ നേതൃത്വപരമായ പങ്ക് പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. വർഗീയത നാടിന് ആപത്താണ്. ജാതിമത ചിന്താഗതി വളർത്തി ജനങ്ങളുടെ ജനാധിപത്യ ബോധവും സാഹോദര്യവും തകർക്കുന്ന കുതന്ത്രങ്ങൾക്കെതിരെ സാമൂഹിക വിദ്യാഭ്യാസ പരിപാടിയായ പൗരധ്വനിയിലൂടെ നിരവധി വിദ്യാഭ്യാസ കലാ-സാംസ്കാരിക കർമ്മപരിപാടികൾക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ പിസി വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു. സമൂഹത്തെ പിന്നോട്ട് നടത്താനുള്ള പ്രതിലോമ ശക്തികളുടെ ശ്രമത്തെ പരാജയപ്പെടുത്തണമെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ നിലനിർത്താൻ പര്യാപ്തമായ പുത്തൻ ആശയങ്ങൾ ഉൾക്കൊള്ളുന്ന സോദേശ്യ കർമ പരിപാടിയായ പൗരധ്വനിയെ അർത്ഥവത്താക്കേണ്ടതുണ്ടെന്നും പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ എ ജി ഒലീന പദ്ധതിയെ സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. സാംസ്കാരിക കേരളത്തിന്റെ അഭിമാനമാണ് സാക്ഷരതാ പ്രസ്ഥാനം എന്ന് എ ജി ഒലീന പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട സാക്ഷരത പ്രവർത്തകർ വീട്ടുമുറ്റത്തെത്തുന്ന പദ്ധതിക്ക് രൂപം നൽകും. അക്ഷര സാക്ഷരത മാത്രം പോരാ സാംസ്കാരിക സാക്ഷരത കൂടി നമുക്കുണ്ടാവണമെന്ന് സാക്ഷരത മിഷൻ സംസ്ഥാന ഡയറക്ടർ പറഞ്ഞു.
പൗരധ്വനി പദ്ധതി രേഖ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ ഗോപന് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പികെ ഗോപൻ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ ആദിവാസി - തീര മേഖലയ്ക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന നൽകും. ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് ചലച്ചിത്ര ഡോക്യുമെന്ററി പ്രദർശനം ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. സംഗീത നാടക അക്കാദമിയുമായി ചേർന്ന് തെരുവുനാടകങ്ങൾ അവതരിപ്പിക്കും. സാക്ഷരതാ പ്രവർത്തകരോടൊപ്പം തുല്യതാ പഠിതാക്കൾ,കുടുംബശ്രീ പ്രവർത്തകർ ഹരിത കർമ്മ സേനാംഗങ്ങൾ അങ്കണവാടി ജീവനക്കാർ എന്നിവർ പദ്ധതിയിൽ പങ്കാളികളാകും.
സമ്മേളനത്തിൽ സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ പി മുരുകദാസ്, എല്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള, വൈസ് പ്രസിഡന്റ് ജലജാ ഗോപൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദര, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ വിജയമ്മ, ജില്ലാ പഞ്ചായത്ത് അംഗം പ്രജി ശശിധരൻ, കെ ബാബുരാജൻ, ഇടവ ട്ടം വിനോദ് , സി എം സെയ്ഫ് തുടങ്ങിയവർ പ്രസംഗിച്ചു.